തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ സി.പി.എം നേതാവും ഷൊര്‍ണൂര്‍ എം.എല്‍.എയുമായ പി കെ ശശിയെ വെള്ള പൂശി സി.പി.എം റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. പരാതിക്കാരിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന് തള്ളിക്കളഞ്ഞു. പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് നല്കിയ പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ കൂടുതലുള്ളത്. ശശി യുവതിയോട് പെരുമാറിയതൊന്നും ദുരുദ്ദ്യേശത്തോടെയല്ല. യുവതിയെ നിര്‍ബന്ധമായി 5000 രൂപ എല്പ്പിച്ചത് വോളന്റിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയാണ്. മണ്ണാര്‍ക്കാട് നടന്ന സമ്മേളനത്തില്‍ റെഡ് വോളന്റിയര്‍മാരുടെ ചുമതല ആ യുവതിക്കായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഏരിയാകമ്മിറ്റി ഓഫീസിലേക്ക് വിളിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്ന് കരുതാനാവില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്കി.
പി.കെ.ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ല, യുവതിയുടെ വിശദീകരണങ്ങള്‍ പൊരുത്തപ്പെടുന്നില്ല തുടങ്ങിയ വാദങ്ങളും യുവതിയുടെ പരാതിയെ ഖണ്ഡിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ശശിയ്ക്കെതിരെ മൂന്ന് കാര്യങ്ങളാണ് യുവതി പ്രധാനമായും ഉന്നയിച്ചത്.
-സി.പി.ഐ.എം ജില്ലാസമ്മേളന സമയത്ത് യുവതിയെ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി. അതിന് മുമ്പ് 5000 രൂപ കൈയില്‍ നിര്‍ബന്ധമായി ഏല്‍പ്പിച്ചു.
-ഇതിന് തൊട്ടടുത്ത ദിവസം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി മോശമായി സംസാരിച്ചു.
-പിന്നീട് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചില്ലെങ്കിലും ശശി പലതവണ ഫോണിന് വിളിച്ച് വരാന്‍ പറയുകയും അസ്വാഭാവികമായി സംസാരിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനെയൊക്കെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിരിക്കുകയാണ്…