പാർട്ടി ഫണ്ട് തിരിമറി: സിപിഎം നേതാവ് പി.കെ. ശശിക്കെതിരെ നടപടിക്ക് ശുപാർശ, മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു

 

പാലക്കാട്: സിപിഎം നേതാവ് പി.കെ ശശിക്കെതിരെ നടപടിക്ക് ശുപാർശ. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നും മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിയാണ് സംസ്ഥാന കമ്മറ്റിയോട് ശുപാർശ ചെയ്തത്. മണ്ണാർക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണത്തിലെ ഫണ്ട് തിരിമറിയും, സഹകരണ സ്ഥാപന നിയമനങ്ങളിലെ ക്രമക്കേടും ചൂണ്ടികാട്ടിയാണ് നടപടി.

പുത്തലത്ത് ദിനേശന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. നടപടിക്ക് ശുപാർശ ചെയ്തതിന് പിന്നാലെ ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട് ഏരിയ കമ്മിറ്റി മരവിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. എം ശശിക്ക് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.കെ ശശിക്കെതിരെ സംസ്ഥാന കമ്മറ്റിയാണ് നടപടി സ്വീകരിക്കേണ്ടത്.

പത്തനംതിട്ട സിപിഎമ്മിലും ഇന്ന് നേതാക്കൾക്കെതിരെ നടപടിയുണ്ടായി. തിരുവല്ലയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് നടപടി. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കി. ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരായ നടപടി.
തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ.കെ. കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി. പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി .സജിമോനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച ആളാണ് കെ.കെ. കൊച്ചുമോൻ. ഒരാഴ്ച മുമ്പാണ് തിരുവല്ലയിൽ ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയത്.

 

Comments (0)
Add Comment