നായനാരെയും മറന്ന് സി.പി.എം ; സ്മാരകത്തിനായി പിരിച്ച തുക എവിടെ ? ശാരദ ടീച്ചർ ചോദിക്കുന്നു

Jaihind News Bureau
Monday, December 9, 2019

മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാരെ മരണശേഷം പാർട്ടിയും സർക്കാരും അവഗണിച്ചെന്ന് തുറന്നടിച്ച് ഭാര്യ ശാരദ ടീച്ചർ. നായനാരുടെ ജന്മശതാബ്ദി വേണ്ട വിധം ആഘോഷിച്ചില്ലെന്നും പാര്‍ട്ടിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ലെന്നും ശാരദ ടീച്ചര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമയമില്ലെങ്കില്‍ മറ്റ് നേതാക്കളില്ലേയെന്നും ശാരദ ടീച്ചര്‍ ചോദിക്കുന്നു.

നായനാര്‍ സ്മാരകത്തിനായി വലിയ തോതില്‍ പണം പിരിച്ചിട്ട് യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഈ പണം എവിടെയെന്ന് ജനം ചോദിക്കില്ലേയെന്ന് ശാരദ ടീച്ചര്‍ കുറ്റപ്പെടുത്തുന്നു. തലസ്ഥാന നഗരിയില്‍ നായനാരുടെ സ്മരണ നിലനിര്‍ത്തുന്ന യാതൊന്നും കാണാനില്ല. പുത്തരിക്കണ്ടം മൈതാനത്ത് നായനാര്‍ സ്മാരകം എന്ന എഴുത്തുപോലും കാണാനാവില്ല.  ഇത് നായനാരോടുള്ള നെറികേടാണെന്നും ശാരദ ടീച്ചർ ചൂണ്ടിക്കാണിക്കുന്നു.

നായനാര്‍ അക്കാദമിയില്‍ അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്ന ഒരു പ്രവര്‍ത്തനവും ഇല്ലെന്നും ശാരദ ടീച്ചർ പറഞ്ഞു. വലിയ തോതില്‍ പണം പിരിച്ചത് എവിടെ എന്ന് ജനം ചോദിക്കില്ലേ? അക്കാദമിയിലെ നായനാരുടെ പ്രതിമ പോലും സഖാവിനെപ്പോലെ അല്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച്  നേതാക്കളോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും ശാരദ ടീച്ചര്‍ പറയുന്നു. നായനാരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശാരദ ടീച്ചര്‍ തന്‍റെ പ്രതിഷേധം അറിയിച്ചത്.