പോക്‌സോ നിയമഭേദഗതി ബിൽ ലോക്‌സഭ പാസ്സാക്കി

Jaihind News Bureau
Friday, August 2, 2019

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ പോക്‌സോ നിയമഭേദഗതി ബിൽ ലോക്‌സഭ പാസ്സാക്കി. കുട്ടികൾക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവർക്ക് വധശിക്ഷ വരെ ലഭിക്കുന്നാതാണ് ബില്ലിലെ വ്യവസ്ഥ.

രാജ്യസഭ നേരത്തെ പാസ്സാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിച്ചാൽ നിയമമാകും. കഴിഞ്ഞ ജനുവരി 8ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ പാസാക്കിയത്. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകൾ ഭേദഗതി ബില്ലിലുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.

പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂര പീഡനത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ.