264 ചോദ്യങ്ങള്‍ ജലരേഖയായി; സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ നീക്കി


പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്സഭയിലും രാജ്യസഭയിലുമായി സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ ഉന്നയിച്ച ചോദ്യങ്ങളെല്ലാം രേഖകളില്‍ നിന്ന് നീക്കം ചെയ്തു. 264 ചോദ്യങ്ങളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 146 എംപിമാര്‍ ഇരു സഭകളിലുമായി ഉന്നയിച്ചത്. എന്നാല്‍ പാര്‍ലമെന്റ് അതിക്രമത്തിലടക്കം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇവരെ ഘട്ടം ഘട്ടമായി സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ ചോദ്യങ്ങളെല്ലാം പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പാര്‍ലമെന്റ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്ലക്കാര്‍ഡ് അടക്കം ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് ഇരു സഭകളില്‍ നിന്നും 146 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. എട്ട് ദിവസം കൊണ്ടാണ് ഇത്രയും എം.പിമാരെ പുറത്താക്കിയത്. ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ ഞെട്ടിച്ചായിരുന്നു പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുറത്താക്കലിന് രാജ്യം സാക്ഷിയായത്.ഇവരുന്നയിച്ച ചോദ്യങ്ങള്‍ ഇരു സഭകളുടെയും വെബ്‌സൈറ്റുകളില്‍ ലഭ്യമല്ല. അതുപോലെ, വിവിധ മന്ത്രിമാരോട് ഒരേ ചോദ്യം ചോദിക്കുന്ന അംഗങ്ങളുടെ ഗ്രൂപ്പുകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എം.പിമാരുടെ പേരുകള്‍ നീക്കം ചെയ്തതായി ഇരു സഭകളുടേയും വെബ്സൈറ്റുകള്‍ പറയുന്നു. പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയില്‍ പ്രസ്താവന നടത്തണമെന്നും അക്രമികള്‍ക്ക് പാസ് നല്‍കിയ ബിജെപി എം.പി പ്രമോദ് സിംഹയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് 146 എം.പിമാരെ ഇരു സഭകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഡിസംബര്‍ 14 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായിരുന്നു നടപടി.

Comments (0)
Add Comment