പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് നാഥനില്ലാക്കളരിയായി മാറിയെന്നും സർക്കാർ മെഡിക്കൽ കോളേജ് എന്ന നാമം പേരിന് മാത്രമാക്കി ജനങ്ങളെ പറ്റിക്കുകയാണെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമല്ലാത്ത സാഹചര്യവും ആവശ്യത്തിന് വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇല്ലാത്തതും ഗുരുതരമായ പ്രശ്നങ്ങളാണ്. ഉള്ള ഡോക്ടർമാർ തന്നെ സ്വകാര്യ ചികിത്സയ്ക്കും മറ്റ് ക്ലിനിക്കുകളിലും നിർബാധം തുടരുന്നുത് മൂലമുള്ള ബുദ്ധിമുട്ടുകളും ജനങ്ങൾ അനുഭവിക്കുകയാണ്. ജനങ്ങൾക്ക് വിശ്വാസയോഗ്യമായ രൂപത്തിൽ പ്രവർത്തനം ഗുണകരമായി മാറ്റാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല.
ആശുപത്രിയിലെ ഉപകരണങ്ങൾ പോലും ഗുണനിലവാരമില്ലാത്ത രൂപത്തിൽ പഴകിയിട്ടും അത് മാറ്റി ഓപ്പറേഷൻ തിയേറ്ററിലെങ്കിലും പഴയ ഉപകരണങ്ങൾക്ക് പകരം പുതിയ ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് പോലും ശ്രദ്ധ കൊടുക്കാതെ നേരം കൂട്ടൽ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
സാധാരണ ജനങ്ങൾക്ക് കിട്ടേണ്ടുന്ന ചികിത്സാ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കാതെ പണം കൊടുത്താൽ മാത്രം ചികിത്സ കിട്ടുന്ന വിധത്തിലാണ് ഇപ്പോഴും കാര്യങ്ങളുടെ അവസ്ഥ. ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാവുന്ന കാരുണ്യ ഫാർമസി പോലും തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത തരത്തിൽ നിരുത്തരവാദപരമാണ് മെഡിക്കൽ കോളേജ് ഭരണസംവിധാനം. കേരളത്തിലെ മറ്റ് മെഡിക്കൽ കോളേജുകളിൽ ആശുപത്രി വികസന സമിതിയുടെ പേരിൽ ഫാർമസി പ്രവർത്തിപ്പിച്ച് കുറഞ്ഞ നിരക്കിൽ മരുന്നുകൾ സാധാരണക്കാരായ പാവപ്പെട്ട രോഗികൾക്ക് നല്ക്കുകയും ഫാർമസിയുടെ വരുമാനം ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റ് ഭരണപരമായ കാര്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തു വരുന്നത് ഒഴിവാക്കി രാഷ്ട്രീയ താല്പര്യത്തിന്റെ പേരിൽ മെഡിക്കൽ കോളേജിൽ സ്വകാര്യ സംരംഭങ്ങൾ തുടങ്ങുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്.
തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം പോലും നല്കാൻ കഴിയാത്ത രൂപത്തിലും ജനങ്ങൾക്ക് ആശുപത്രി സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കാതിരുന്നും ഭരണപരമായ പോരായ്മ എല്ലാ സീമകളും ലംഘിച്ച് അരാജകാവസ്ഥയിൽ മുന്നോട്ട് നീങ്ങുകയാണ്.
ഉത്തര മലബാറിലെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യമേഖലയിലെ ആശ്രയ കേന്ദ്രമായ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിനെ പേരിന് മാത്രം സർക്കാർ മെഡിക്കൽ കോളേജാക്കുന്ന സർക്കാർ നയം തിരുത്തണമെന്നും ജനങ്ങൾക്ക് എല്ലാ സർക്കാർ മെഡിക്കൽ കോളേജിലും ലഭ്യമാവുന്ന സേവനങ്ങൾ കണ്ണൂർ മെഡിക്കൽ കോളേജിലും അടിയന്തിരമായി ലഭ്യമാക്കണമെന്നും സർക്കാർ അവഗണന തുടരുകയാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നല്കുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ അറിയിച്ചു.