‘കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിന്‍തീരത്തേക്ക് പോവില്ല’ ; ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും കുടുംബവും

Jaihind News Bureau
Saturday, February 29, 2020

കൊല്ലം : പള്ളിമണ്‍ ഇളവൂരിലെ ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന്‍ മോഹനന്‍ പിള്ള പറഞ്ഞു. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും ദേവനന്ദയുടെ മുത്തച്ഛന്‍ പറഞ്ഞു. കുഞ്ഞിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും ആവശ്യപ്പെട്ടു.

യാതൊരു പരിചയമില്ലാത്ത വഴിയിലൂടെ ദേവനന്ദ പോയി എന്ന് പറയുന്നത് ശരിയല്ലെന്ന് മുത്തച്ഛന്‍ മോഹനന്‍പിള്ള പറഞ്ഞു. അമ്മയുടെ ഷാൾ കുട്ടി ധരിച്ച് പുറത്തുപോകില്ല. ആറ്റില്‍ നിന്ന് കണ്ടെടുത്ത ദേവനന്ദയുടെ മൃതദേഹത്തില്‍ ഷാള്‍ ഉണ്ടായിരുന്നു.ദേവനന്ദ ഒരിക്കൽ പോലും ആറ്റിൻകരയിൽ പോയിട്ടില്ലെന്നും അടുത്ത ദിവസങ്ങളിലൊന്നും കുഞ്ഞ് ക്ഷേത്രത്തില്‍ പോയിട്ടില്ലെന്നും മോഹനന്‍ പിള്ള പറഞ്ഞു. നേരത്തെ ക്ഷേത്രത്തിൽ പോയത് മറ്റൊരു വഴിയിലൂടെ ആയിരുന്നു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദ എന്നും അദ്ദേഹം വ്യക്തമാക്കി.

തന്നോട് പറയാതെ കുഞ്ഞ് എവിടെയും പോകില്ലെന്ന് അമ്മയും ഉറപ്പിച്ച് പറഞ്ഞു. ഷാള്‍ ധരിച്ച് മകള്‍ പുറത്തുപോകാറില്ല. തന്‍റെ ഷാള്‍ കാണാതായിട്ടുണ്ട്. കുഞ്ഞിന്‍റെ മരണത്തിന് പിന്നിലെ സത്യം കണ്ടെത്തെണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി സ്‌കൂളില്‍ പോകാതെ അവധിയെടുത്തത്. ഇത്തിക്കരയാറ്റില്‍ മുങ്ങല്‍വിദഗ്ധര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്.

അതേസമയം മൃതദേഹത്തില്‍ ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണങ്ങളോ മറ്റ് പാടുകളോ ഉണ്ടായിരുന്നില്ലെന്ന പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുങ്ങിമരണത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. കുഞ്ഞിന്‍റെ ശ്വാസകോശത്തിലും വയറ്റിലും കണ്ടെത്തിയ ചെളിയുടെയും വെള്ളത്തിന്‍റെയും അംശം വെള്ളത്തില്‍ മുങ്ങിയാണ് മരിച്ചതെന്നതിന് തെളിവാണ്. എന്നാല്‍ ആരെങ്കിലും തള്ളിയിട്ടാലും ഇതേ ലക്ഷണങ്ങള്‍ തന്നെയാവും ഉണ്ടാവുക. കുട്ടിയെ ആരെങ്കിലും വെള്ളത്തിലേക്ക് തള്ളിയിട്ടതാകുമോ എന്ന സാധ്യതയാണ് കണ്ടുപിടിക്കേണ്ടത്. കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നത് ദുരൂഹമായി തുടരുന്നു. ദേവനന്ദയുടെ വീടിന് അടുത്തുള്ള ആളൊഴിഞ്ഞ വീടുചുറ്റി പൊലീസ് നായ ഓടിയിരുന്നു. ഇക്കാര്യവും അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്.