ബാറുകളില്‍ നിന്ന് പാഴ്സല്‍; അന്തര്‍ജില്ലാ പൊതുഗതാഗതം ഉടനെയില്ല, ആരാധനാലയങ്ങളും തുറക്കില്ല

Jaihind Webdesk
Tuesday, June 15, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും അന്തര്‍ജില്ലാ പൊതുഗതാഗതം ഉടനെയുണ്ടാകില്ല. സോണുകളുടെ അടിസ്ഥാനത്തില്‍ മിതമായ രീതിയില്‍ പൊതുഗതാഗതം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ആരാധനാലയങ്ങളും ഉടനെ തുറക്കില്ല. ഇനിയുള്ള നിയന്ത്രണങ്ങള്‍ പ്രാദേശികമായതിനാല്‍ ടാക്സി സര്‍വീസുകളും അതത് പ്രദേശത്തെ രോഗവ്യാപനത്തിന്‍റെ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. ലോക്ക്ഡൗൺ, ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലനില്‍ക്കുന്ന ഇടങ്ങളില്‍ ടാക്സികള്‍ക്കും നിയന്ത്രണമുണ്ടായിരിക്കും. രോഗവ്യാപനം കുറവായ പ്രദേശങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ബാറുകളില്‍ നിന്ന് പാഴ്സല്‍ സര്‍വീസ് മാത്രമായിരിക്കും ഉണ്ടാവുക. ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് ആപ്പ് വഴി മദ്യം വിതരണം ചെയ്യും.

നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ :

 • എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്താകെ പൂര്‍ണ്ണ ലോക്ക്ഡൗൺ ആയിരിക്കും.
 • റസ്റ്റോറന്‍റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. ഹോംഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.
 • ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും.
 • വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആള്‍ക്കൂട്ടങ്ങളോ, പൊതുപരിപാടികളോ അനുവദിക്കില്ല.
 • പരസ്പര സമ്പര്‍ക്കമില്ലാത്ത തരത്തിലുള്ള ഔട്ട്ഡോര്‍ സ്പോര്‍ട്സ് അനുവദിക്കും.
 • ബെവ്കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ആപ് മുഖാന്തരം സ്ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവര്‍ത്തനം.
 • ജൂണ്‍ 17 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം തുടരുന്നതാണ്.
 • എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്പോര്‍ട്സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ).
 • വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല (മാളുകള്‍ ഉള്‍പ്പെടെ)
 • എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങള്‍ പരസ്യപ്പെടുത്തും.
 • കൊവിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യവകുപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പരിശോധനയ്ക്ക് ടാര്‍ജറ്റ് നല്‍കും.
 • ഓരോ വീട്ടിലും ആദ്യം ടെസ്റ്റ് പോസിറ്റീവ് ആകുന്ന വ്യക്തി കഴിയുന്നതും സിഎഫ്എല്‍ടിസി- ഡിസിസിയില്‍ ക്വാറന്‍റീന്‍ ചെയ്യേണ്ടതാണ്. വീടുകളില്‍ വേണ്ടത്ര സൗകര്യമുള്ളവര്‍ (ഉപകരണങ്ങള്‍ ഉള്‍പ്പെടെ) മാത്രമേ വീടുകളില്‍ കഴിയാന്‍ അനുവദിക്കൂ.
 • ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
 • ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കും.
 • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
 • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളില്‍ ഉള്ള അതിവ്യാപന പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
 • ജൂണ്‍ 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്മെന്‍റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയില്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചു എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കും. ഗവണ്മെന്‍റ് സെക്രട്ടേറിയറ്റില്‍ നിലവില്‍ ഉള്ളത് പോലെ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കര്‍ പ്രവര്‍ത്തിക്കണം.
 • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആര്‍ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണും ടി.പി.ആര്‍ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളില്‍ ഭാഗിക ലോക്ക്ഡൗണും ആയിരിക്കും.
 • ടി.പി.ആര്‍ നിരക്ക് 8ല്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.