പാനൂരില്‍ ബോംബ് നിർമ്മാണത്തിനിടയിലെ സ്ഫോടനം; പരുക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകന്‍ മരിച്ചു

 

കണ്ണൂർ: പാനൂരില്‍ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തില്‍ പരുക്കേറ്റ സിപിഎം പ്രവർത്തകന്‍ മരിച്ചു.  ചികിത്സയിലായിരുന്ന ഷെറിന്‍ കാട്ടിന്‍റവിടയാണ് മരിച്ചത്. സ്ഫോടനത്തില്‍ സിപിഎം പ്രവർത്തകനായ വിനീഷിനും പരിക്കേറ്റിരുന്നു. വിനീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലർച്ചെ ഒരു മണിയോടെ പാനൂർ മൂളിയതോട് ആണ് സ്ഫോടനമുണ്ടായത്. വിനീഷ് വലിയപറമ്പത്ത് ഹൗസ്, ഷെറിൻ കാട്ടിന്‍റവിട എന്നിവർക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. ഇരുവരെയും ആദ്യം തലശേരിയിലും പിന്നീട് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ ഷെറിനാണ് ചികിത്സയിലിരിക്കെ മരിച്ചത്.

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മുകളിലാണ് സ്ഫോടനം നടന്നത്. സജീവ സിപിഎം പ്രവർത്തകരായ
ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. പ്രദേശത്ത് ബോംബ് നിർമ്മാണം നടക്കുന്നതായി ഒരു മാസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മറ്റു നടപടികൾ ഉണ്ടായില്ല.  ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Comments (0)
Add Comment