പാനൂർ ബോംബ് സ്ഫോടനം; മുഖ്യസൂത്രധാരൻ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പോലീസ്

 

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരൻ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പോലീസ്. മുഖ്യ സൂത്രധാരനായ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അമൽ ബാബുവും ഡിവൈഎഫ്ഐ ഭാരവാഹിയാണ്. അതേസമയം സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ബോംബ് നിർമിച്ചവർക്കു സിപിഎമ്മുമായി ബന്ധമില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുതൽ പ്രാദേശിക നേതാക്കൾ വരെ ആവർത്തിക്കുമ്പോഴും മായാത്ത തെളിവുകളായി പ്രതികളുടെ ചിത്രങ്ങളും വിഡിയോയും വ്യാപകമായി പ്രചരിക്കുന്നു. ഇന്നലെ അറസ്‌റ്റ് ചെയ്ത അമൽ ബാബു ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. യൂണിറ്റിനെ അമൽ ബാബു നയിക്കുമെന്നു പറയുന്ന പോസ്റ്ററും റെഡ് വളന്‍റിയർ മാർച്ച് നയിക്കുന്ന വീഡിയോയും കുന്നോത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടിൽ പോസ്റ്റ‌് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്‌റ്റിലായ സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റിലെ ജോയിന്‍റ് സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം പിടിയിലായ ചെറുപറമ്പ് ചിറക്കരാണ്ടിൽ സായൂജ് ഡിവൈഎഫ്‌ഐ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയാണ്. സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗമായ എകത്ത് നാണുവിന്‍റെ മകനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീഷ്. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്.

Comments (0)
Add Comment