പന്തീരങ്കാവ് യുഎപിഎ കേസ് : മൂന്നാം പ്രതി ഉസ്മാൻ അറസ്റ്റിൽ

Jaihind Webdesk
Tuesday, September 14, 2021

കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിലെ മൂന്നാം പ്രതി എം ഉസ്മാൻ അറസ്റ്റിൽ. മലപ്പുറം പട്ടിക്കാട് നിന്നും
ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) ആണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. 2016 ൽ അറസ്റ്റിലായ ഉസ്മാൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

കേരള പൊലീസ് ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ഉസ്മാനെ മലപ്പുറം പട്ടിക്കാട്ടുനിന്ന് പിടികൂടിയത്. മാവോയിസ്റ്റ് ബന്ധമുള്ള പത്തിലധികം കേസുകളിൽ പ്രതിയാണ്. നിരോധിത സംഘടനയുടെ ലഘുലേഖ കൈവശം വെച്ചതിന് യുഎപിഎ കുറ്റം ചുമത്തി. മഞ്ചേരി സബ് ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലുമായി ആറു മാസത്തിലേറെ ജയിലിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങി പിന്നീട് മുങ്ങി.

പന്തീരങ്കാവ് കേസിലെ ഒന്നും രണ്ടും പ്രതികളായ താഹ ഫസലും അലന്‍ ശുഐബും അറസ്റ്റിലായത് ഉസ്മാനുമായി സംസാരിച്ച് നില്‍ക്കുമ്പോയായിരുന്നു. എന്നാൽ പൊലീസിനെ കണ്ട ഉസ്മാൻ അന്ന് ഓടിരക്ഷപ്പെട്ടു. വയനാട് വൈത്തിരിയിൽ പോലീസ് വെടിയേറ്റ് മരിച്ച പാണ്ടിക്കാടിലെ സി.പി ജലീലിന്‍റെ കുടുംബവുമായി ഉസ്മാൻ അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഫ്രണ്ട് ഓർഗനൈസേഷൻ പ്രവർത്തകനായിട്ടാണ് ഉസ്മാനെ പോലീസ് കണക്കാക്കുന്നത്. കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒളിപ്പോരാളികൾക്ക് സാധനങ്ങളും സന്ദേശങ്ങളുമെത്തിച്ചു. അർബന്‍ മേഖലാ കമ്മിറ്റിക്ക് കീഴിൽ കൂടുതൽ പേരെ എത്തിക്കുന്ന ചുമതലയും ഉസ്മാൻ വഹിച്ചിരുന്നതായിട്ടാണ് പോലീസ് നിഗമനം.