ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീര്‍ഘ നാളായി അസുഖ ബാധിതനായിരുന്നു പങ്കജ് ഉധാസ്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 2006 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

ഹൃദ്യമായ വരികളും ശ്രുതി മധുരമായ ശബ്ദവും കൊണ്ട് ആസ്വാദകരുടെ മനസില്‍ പങ്കജ് ഉധാസ് ഇടം നേടി. 1980 കള്‍ മുതല്‍ ഗസല്‍ രംഗത്തെ ജനപ്രിയ ശബ്ദമായി മാറി. ആഹട് എന്ന ഗസലിലൂടെയായിരുന്നു സ്വീകാര്യനായി മാറുന്നത്. ഹിന്ദി സിനിമയ്ക്കും ഇന്ത്യന്‍ പോപ് സംഗീതത്തിനും നല്‍കിയ സംഭാവനകളും അമൂല്യമാണ്. ചിട്ടി ആയി ഹേ എന്ന ഗസല്‍ ഇന്ത്യന്‍ ജീവിതത്തെ കുറിച്ച് ഗൃഹാതുര സ്മരണകള്‍ ഉയര്‍ത്തുന്ന ഗസലായിരുന്നു.

1986ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രം മുതലാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പങ്കജ് ഉധാസ് ചുവടുറപ്പിച്ചത്. മെലഡികള്‍ കൊണ്ട് ബോളിവുഡില്‍ ആരാധകരുടെ മനം കവര്‍ന്നു. ഗുജറാത്തിലെ ജറ്റ്പുര്‍ ഗ്രാമത്തിലാണ് പങ്കജ് ഉധാസ് ജനിച്ചത്. സംഗീതതാല്‍പര്യമുള്ള കുടുംബമായിരുന്നു പങ്കജിന്‍റേത്. ഫരീദയാണ് പങ്കജ് ഉധാസിന്‍റെ ഭാര്യ.

Comments (0)
Add Comment