പമ്പ സാഹിത്യോത്സവം 24 മുതൽ വെർച്വൽ വേദികളിൽ

Jaihind News Bureau
Tuesday, July 21, 2020

കേരളത്തിലെ ആദ്യത്തെ സാഹിത്യോത്സവങ്ങളിലൊന്നായ പമ്പ( പീപ്പിള്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ആന്‍റ് മോര്‍) ലിറ്ററേച്ചർ ഫെസ്റ്റിവൽ ‘സീവേ-2020’ ജൂലൈ 24 മുതൽ 26 വരെ. വൈവിധ്യ ചാരുതയുള്ള സാംസ്കാരിക സംഗമത്തിന് വേദിയാകാറുള്ള ‘പമ്പ സാഹിത്യോത്സവം’ ഇത്തവണ കൊവിഡ് ആരോഗ്യ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ‘വെർച്വൽ വേദി’കളിലാണ് അരങ്ങേറുക. സിവേ (South India writer’s Ensemble) യുടെ എട്ടാമത് എഡിഷൻ SIWE ഫേസ് ബുക്ക് പേജിലൂടെ ആസ്വദിക്കാനും സംവദിക്കുവാനും സാധിക്കുന്ന വിധമാണ് ഒരുക്കുന്നത്.

പ്രശസ്ത സൂഫി ഗായകൻ മീർ മുക്ത്യാർ അലിയാണ് ഉദ്ഘാടകൻ. മൂന്നു ദിവസവും ‘കാവ്യ സഞ്ചെ’ എന്ന പേരിൽ കവിതാ അവതരണവും മലയാളം, തമിഴ്, കന്നഡ നാടകങ്ങളുടെ അവതരണവും ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ അന്തർദേശീയ ഭാഷകളിലെ കവികളുടെ കാവ്യാവതരണം സാംസ്കാരിക വിനിമയത്തിന്റെ സവിശേഷ സംഗമമാവുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർമാരായ കനക ഹാമ വിഷ്ണുനാഥും പി സി വിഷ്ണുനാഥും അറിയിച്ചു.

https://www.facebook.com/JaihindNewsChannel/videos/615790209301339

24 ന് ആദ്യ ദിവസത്തെ സാഹിത്യോത്സവം വൈകിട്ട് അഞ്ചുമണിക്ക് ആരംഭിക്കും. ഫെസ്റ്റിവൽ ക്യുറേറ്റർ മംമ്ത സാഗർ സ്വാഗതം ആശംസിക്കും. 5.30ന് ഉദ്ഘാടകനായ മീർ മുക്ത്യാർ അലിയുടെ സൂഫി സംഗീതം ലൈവായി ആസ്വദിക്കാനും അവസരം ലഭിക്കും. സൂഫി ഭക്തിഗാനവും സൂഫി കവിതകളും അദ്ദേഹം ആലപിക്കും.

തുടർന്ന് ഏഴ് മുതൽ എട്ടുവരെ ‘കാവ്യ സഞ്ചെ’യിൽ വിവിധ രാജ്യ ഭാഷകളിൽ നിന്നുള്ള കവികൾ സംഗമിക്കും. കെ രാജഗോപാൽ (ഇന്ത്യ), ആഞ്ചേസ്റ്റൺ (ഇറ്റലി), അമീനുർ റഹ്മാൻ (ബംഗ്ലാദേശ്), താത്തേവ് ചക്യാൻ (അർമേനിയ), അലീറസ അബീസ് (ഇറാൻ), കനക ഹാമ (ഇന്ത്യ), എറിക് എൻ ചാർലസ് (കാമറൂൺ), ഷാൻ എം ദാഫീദ് (വെയിൽസ്), ലൂണ മൊണ്ടേൻഗ്രോ, അഡ്രിയാൻ ഫിഷർ (ചിലി, യുകെ), മംമ്ത സാഗർ (ഇന്ത്യ) എന്നിവരാണ് കവിത അവതരിപ്പിക്കുന്നത്.

25 ന് ‘കൊവിഡ് ക്രൈസസ് ആന്റ് കൺസേൺ’ എന്ന പേരിൽ പ്രമുഖ ഡോക്ടർമാർ പങ്കെടുക്കുന്ന സെഷനിൽ മിത്ര വെങ്കിട്ടരാജ് മോഡറേറ്ററാവും. വൈകിട്ട് 5.15 മുതൽ നടക്കുന്ന സെഷനിൽ വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ സംവദിക്കും. ഡോ. ശിവപ്രസാദ് (യു കെ), ഡോ.രേഷ്മ രമേശ് (ബെംഗളൂരു), ഡോ. എസ് എസ് ലാൽ (യു എസ് എ) എന്നിവരാണ് പങ്കെടുക്കുക.

തുടർന്ന് 6.30ന് നാടക വിഭാഗത്തിൽ തമിഴ്, കന്നഡ, മലയാളം ഏകാംഗ അവതരണങ്ങൾ അരങ്ങിലെത്തും. എൻ വി ശ്രീകാന്ത് മോഡറേറ്ററാവും. മലയാളത്തിൽ നജുമൽ ഷാഹി, തമിഴിൽ മങ്കൈ സംവിധാനം ചെയ്ത ഭാരതിയാരുടെ ‘കാട്രു’ തമിലരശി അവതരിപ്പിക്കും.
കന്നഡ ഭാഷയിൽ കമലാദാസിന്‍റെ കവിതയെ അവലംബിച്ച് ബെംഗളൂരു സഞ്ചാരി തിയ്യറ്റർ ഒരുക്കിയ നാടകത്തിന് മംഗല എൻ ആവിഷ്കാരം നൽകും.

രാത്രി 7.45 ന് സംഘടിപ്പിക്കുന്ന ഇന്ത്യൻ ഭാഷകളിലെ കവി സംഗമത്തിൽ അനിത തമ്പി മോഡറേറ്ററാവും. വി എം ഗിരിജ (മലയാളം), സൽമ (തമിഴ്), അനസൂയ കാംബ്ലെ (കന്നഡ), യാക്കൂബ് (തെലുങ്ക്), ടെൻസിൻ തുൻഡെ (ഇംഗ്ലീഷ്), അൻവർ അലി (മലയാളം), അനാമിക (ഹിന്ദി), പ്രജ്ഞ ദയ പവാർ (മറാത്തി), സമ്പൂർണ ചാറ്റർജി (ഇംഗ്ലീഷ്), അനിത തമ്പി (മലയാളം) എന്നിവർ കവിതാ പാരായണം നടത്തും.

മൂന്നാം ദിവസമായ 26 ന് രാവിലെ 10.30 ന് വിമർശന സാഹിത്യത്തെ ആസ്പദമാക്കിയുള്ള സെഷനിൽ എം എസ് ആശാ ദേവി മോഡറേറ്ററാവും. വൈശാലി കെ ശ്രീനിവാസ്, പരമിത സത്പതി തുടങ്ങിയവർ സംവദിക്കും.

11.30 മുതൽ 12.30 വരെ നടക്കുന്ന ‘കാവ്യ സഞ്ചെ’ മൂന്നാം ഭാഗത്തിൽ രേഷ്മ രമേശും ശശാങ്ക് ജോഹരിയും മോഡറേറ്റർമാരാവും.

പ്രമോദ് കെ എം (മലയാളം), സുബ്രോ ബന്ദോപാധ്യായ (ബംഗാളി), മോഹിനി ഗുപ്ത (ഹിന്ദി), സിദ്ധാർത്ഥ എം എസ് (കന്നഡ), പത്മാവതി റാവു (ഹിന്ദി), ഹേമാങ്ക് ദേശായി (ഗുജറാത്തി), ചാന്ദ് പാഷ എൻ എസ് (കന്നഡ), അഖിൽ കട്ട്യാൽ (ഹിന്ദി/ഇംഗ്ലീഷ്), ഷാലിം എം ഹുസൈൻ (മിയ), ദാദാപീർ ജ്യാമൻ (കന്നഡ), വിനോദിനി മഡസു (തെലുങ്ക്), രേഷ്മ രമേശ് (ഇംഗ്ലീഷ്), അബ്ദുൾ മനാൻ ഭട്ട് (കാശ്മീരി), ശശാങ്ക് ജോഹരി (ഇംഗ്ലീഷ്/ഹിന്ദുസ്ഥാനി), കേദൻ ജയ്ൻ (ഇംഗ്ലീഷ്) എന്നിവർ കവിതകൾ അവതരിപ്പിക്കും.

ഉച്ചക്ക് ശേഷം 4.30 മുതൽ 5.30 വരെ സംഘടിപ്പിക്കുന്ന ‘ഓട്ടോഗ്രാഫ് ‘സെഷനിൽ ആത്മകഥാ ആവിഷ്കാരം സംബന്ധിച്ച പാനൽ ചർച്ച പ്രതിഭ നന്ദകുമാർ നയിക്കും. എച്ച്മുക്കുട്ടി, ലക്ഷ്മൺ ഗെയ്ക് വാദ് തുടങ്ങിയവർ സംബന്ധിക്കും.

വൈകിട്ട് ഏഴിനുള്ള ‘കാവ്യസ്വര’ കവിതയും സംഗീതവും പരിപാടിയിൽ അന്തർദേശീയ കാവ്യസംഗീതാവിഷ്കാരം പുതുമയാവും. മംമ്ത സാഗർ മോഡറേറ്ററാവും. റാഫി ഖുയേഷി സാബ്, മാർക് ജെ ജോൺസും ബാന്റും, കൃതി ആർ, വാസു ദീക്ഷിത്-ബിന്ദു മാലിനി നാരായണ സ്വാമി, ബെറ്റി ഗിൽമോർ – ഓസ്കർ ബോണ്ടസി ആന്റ് ഗ്രൂപ്പ് – പ്രിൻസിപിയോ അറ്റീവോ എന്നിവർ പരിപാടിയുടെ ഭാഗമാവും.

തുടർന്ന് 8.30 ന് സമാപന സമ്മേളനം നടക്കും. നേരത്തെ പമ്പ ഫെസ്റ്റിന്‍റെ ഏഴ് എഡിഷനുകളിലും സാഹിത്യാസ്വാദകരുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്. ചെങ്ങന്നൂരില്‍ പമ്പാ തീരത്തായിരുന്നു ആറു തവണയും സാഹിത്യോത്സവം നടന്നു വന്നത്.