പാലിയേക്കര കേസ് പൂമാലയായി കാണുന്നു; ആക്രമണം നടത്തിയത് ടോള്‍ കമ്പനി ഗുണ്ടകളെന്ന് ടിഎന്‍ പ്രതാപന്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി നേതാക്കള്‍. കള്ളക്കേസാണ് പൊലീസ് എടുത്തതെന്നും കേസ് സമരം നടത്തിയതിനുള്ള പൂമാലയായി കാണുന്നുവെന്നും ടിഎന്‍ പ്രതാപന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലിയേക്കരയിലെ പോലീസ് അതിക്രമത്തില്‍ കളക്ടറും എസ് പിയും നിഷ്പക്ഷ അന്വേഷണം ഉറപ്പു നല്‍കിയിരുന്നുവെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിട്ടില്ല. ടോള്‍ കമ്പനി ഗുണ്ടകളാണ് അക്രമം നടത്തിയത്. കേസെടുത്ത പോലീസ് അതിക്രമത്തെക്കുറിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. കേസ് എടുത്തതുകൊണ്ട് സമരത്തില്‍ നിന്ന് പിന്നോട്ടില്ല. കൊള്ളസംഘത്തെ ഇപ്പോഴും സിപിഎം ന്യായീകരിക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ ആരോപിച്ചു. പാലിയേക്കര കൊള്ളയിലെ ഇഡി അന്വേഷണത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. ജനകീയ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണ്്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ 2016ല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തു. അതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. ബിജെപിയും സിപിഎമ്മുമാണ് ഇതിന് ഉത്തരവാദികള്‍. സിപിഎമ്മില്‍ എല്ലാവരും കൊള്ളക്കാരല്ല. എന്നാല്‍, സിപിഎമ്മിലും കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നവരുണ്ടെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

Comments (0)
Add Comment