പാലത്തായി പീഡനകേസിൽ കുറ്റപത്രം സമർപ്പിച്ചു ; പ്രതിക്കെതിരെ ശാസ്ത്രീയ തെളിവ്

Jaihind Webdesk
Tuesday, July 6, 2021

പാലത്തായി പീഡനകേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതി പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡി.വൈ.എസ്.പി രത്നകുമാറാണ് തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്‍റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. ആദ്യം പാനൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജനെ കാണാതായിരുന്നു.

പിന്നീട് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നും പത്മരാജനെതിരെ പോക്സോ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്.