‘സംഭവം നടന്നത് സ്വന്തം ജില്ലയില്‍, എന്നിട്ടും നടപടിയില്ല’; പാലത്തായിയില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപകപ്രതിഷേധം, ഫേസ്ബുക്ക് പേജില്‍ കമന്‍റുകളുടെ പ്രവാഹം

തിരുവനന്തപുരം:  പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധം. കേസ് അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നും പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള കമന്‍റുകളാണ് മുഖ്യമന്ത്രിയുടെ പോസ്റ്റുകളിലുടനീളം. മുഖ്യമന്ത്രിയുടെ ജില്ലയിലും, സാമൂഹ്യനീതി-ശിശുക്ഷേമ വകുപ്പ് കൂടി കൈകാര്യംചെയ്യുന്ന മന്ത്രി കെ.കെ ശൈലജയുടെ മണ്ഡലത്തിലുമാണ് സംഭവം നടന്നതെന്നും നിസാരകാര്യങ്ങളില്‍ കൂടി ശ്രദ്ധപുലര്‍ത്തുന്ന മുഖ്യമന്ത്രി ഇത്രയും ഗൗരവതരമായ കാര്യം നടന്നിട്ടും ഒരു ആശങ്കയും പ്രകടിപ്പിക്കാത്തത് അത്ഭുതമാണെന്നും കമന്‍റുകളില്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ പരാതി നല്‍കി ഒരു മാസമായിട്ടും പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പരാതി നല്‍കി ഒരു മാസമായിട്ടും ഇയാളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ദിവസങ്ങളായി ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടെ കൂത്ത്പറമ്പ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പാലത്തായി. മന്ത്രിയോട് ഇതേപറ്റി ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയും വിചിത്രമാണ്.

അറസ്റ്റ് ചെയ്തെന്നാണ് താന്‍ കരുതിയത് എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. ന്യായീകരണത്തിന് മന്ത്രി കൊറോണയെയും കൂട്ടുപിടിച്ചു. കൊവിഡുമായി ബന്ധപ്പെട്ട തിരക്കായതിനാലാണ് ശ്രദ്ധിക്കാന്‍ സമയം ലഭിക്കാത്തതെന്നും മന്ത്രി തുടര്‍ന്ന് പറയുന്നു. സ്വന്തം മണ്ഡലത്തില്‍ ഒരു പിഞ്ചു കുഞ്ഞിന് നേരിടേണ്ടിവന്ന ക്രൂരതയ്ക്ക് നേരെ കണ്ണടയ്ക്കുന്ന മന്ത്രിക്ക് എങ്ങനെ മറ്റ് കാര്യങ്ങളില്‍ കരുതലോടെ ഇടപെടാനാകും എന്ന ചോദ്യമാണ് ഉയരുന്നത്.

Comments (0)
Add Comment