പാലത്തായി പീഡനം: ജനകീയ കുറ്റപത്രം വായിച്ച് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Tuesday, July 14, 2020

 

പാലത്തായി പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവായ അധ്യാപകനെതിരെ കുറ്റപത്രം സമർപ്പിക്കാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നില്‍ ജനകീയ കുറ്റപത്രം വായിച്ച് പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധിക്കും. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും.  കേസിൽ പ്രതിക്കെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കണം എന്നാവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ് സമരത്തിനിറങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ അറിയിച്ചിരുന്നു.

അതേസമയം കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റ് നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതിയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. 65 ദിവസങ്ങൾ മുമ്പാണ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പത്മരാജനെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കുടുംബത്തിന്‍റെ ആവശ്യത്തെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ പോക്സോ കേസിലാണ് ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തത്.

നിലവിൽ ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്‍റെ കീഴിൽ ക്രൈംബ്രാഞ്ച് കാസർ​ഗോഡ് സി.ഐ മധുസൂദനൻ ആണ് പാലത്തായി കേസ് അന്വേഷിക്കുന്നത്. കേസിൽ ഇരയായ പെൺകുട്ടിയടക്കമുള്ള വിദ്യാർഥികളിൽ നിന്നും വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിച്ച് പ്രതിക്ക് ജാമ്യത്തിലേക്കുള്ള വഴിയൊരുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘമെന്ന ആരോപണമാണ് ഉയരുന്നത്.