അമ്പത്തിയൊമ്പതാമത് സ്കൂൾ കലോത്സവത്തിൽ വിജയം ഇത്തവണ പാലക്കാടിന് സ്വന്തം. തുടർച്ചയായി പന്ത്രണ്ട് തവണ ഒന്നാമതെത്തിയ കോഴിക്കോടിന്റെ ആധിപത്യം തകർത്താണ് പാലക്കാട് ഒന്നാം സ്ഥാനം നേടിയെടുത്തത്. 3 പോയിന്റുകളുടെ മാത്രം വ്യത്യാസത്തിലാണ് കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. തൃശൂർ മൂന്നാം സ്ഥാനം നിലനിർത്തി.
പ്രളയം നിറഞ്ഞ നാട്ടിൽ നടന്ന കലോത്സവത്തിന് പകിട്ട് അല്പം കുറഞ്ഞെങ്കിലും മത്സരങ്ങളിലെ വീറും വാശിയും മുൻ വർഷങ്ങളിലെ പോലെ തന്നെയായിരുന്നു. ചിലപ്പോഴൊക്കെഒരു പടി കൂടിയോ എന്നും തോന്നിപ്പോയി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 930 പോയിന്റുമായാണ് ചരിത്രം മാറ്റിയെഴുതി ഇക്കുറി പാലക്കാട് ജില്ല വിജയം സ്വന്തമാക്കിയത്. 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതെത്തി.
ആദ്യ ദിനങ്ങളിൽ ഒന്നാം സ്ഥാനം കയ്യടക്കിയ തൃശൂർ മൂന്നാം സ്ഥാനത്തേക്ക് മാറി. 903 പോയിന്റുകളാണ് തൃശൂർ നേടിയത്. ആതിഥേയരായ ആലപ്പുഴ 870 പോയിന്റുമായിഏഴാമതെത്തിയപ്പോൾ 706 പോയിന്റ് മാത്രം നേടിയ ഇടുക്കിയാണ് ഏറ്റവും പിന്നിലായത്.
സംസ്കൃതോത്സവത്തിൽ പക്ഷെ കണ്ണൂരിനാണ് ആധിപത്യം. പാലക്കാട് രണ്ടാമതും. കഴിഞ്ഞതവണത്തെ രണ്ടാം സ്ഥാനക്കാരായ കോഴിക്കോട് മൂന്നാമതുമായി. അറബിക് കലോത്സവത്തിൽ പക്ഷെ കോഴിക്കോട് തന്നെയാണ് ഒന്നാമത്. മലപ്പുറവും കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ആകെ നടന്ന 239 ഇനങ്ങളിൽ ഹയർ സെക്കന്ററി, ജനറൽ വിഭാഗത്തിൽ 105 ഉം എച്ച്.എസ് ജനറൽ വിഭാഗത്തിൽ 96 ഉം മത്സരങ്ങളാണ് നടന്നത്. സംസ്കൃത അറബി വിഭാഗങ്ങളിൽ 19 ഇനങ്ങൾ വീതവും അരങ്ങേറി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനച്ചടങ്ങൊഴിവാക്കിയ പോലെ തന്നെ സമാപന സമ്മേളനവും ഇത്തവണ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വർണക്കപ്പിൽ മുത്തമിടാനുള്ള ആവേശവും ട്രോഫി കളുമേന്തിയുള്ള ആർപ്പാരവങ്ങളുമല്ലാം ഇത്തവണത്തെ കലോത്സവ വേദിയിലെ കാണാക്കാഴ്ചകളായി.
രാത്രിഏറെ വൈകിയാണ് മത്സരങ്ങൾ അവസാനിച്ചത്. മൂന്ന് ദിനരാത്രങ്ങൾ നീണ്ട കലയുടെ ചിലങ്കയഴിഞ്ഞപ്പോൾ അത് അടുത്ത വർഷം അണിയാനുള്ള നിയോഗം കാസർഗോഡിനാണ് കൈവന്നത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.