പാലക്കാട് കൊട്ടിയിറങ്ങി തിരഞ്ഞെടുപ്പാവേശം; ഇനി നിശബ്ദ പ്രചരണം; വോട്ടെടുപ്പ് മറ്റന്നാള്‍


പാലക്കാട്: ആവേശം വാനോളം അലയടിച്ച പാലക്കാട്ടില്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി മുന്നണികള്‍ നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുകയാണ്.മൂന്നു മുന്നണികളുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കലാശക്കൊട്ടില്‍ പങ്കെടുത്തത്. വൈകുന്നേരം നാലോടെ ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും റോഡ് ഷോ ആരംഭിച്ചിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കലാശക്കൊട്ടിനെത്തിയത്. സന്ദീപ് വാര്യരും രമേശ് പിഷാരടിയും റോഡ്ഷോയില്‍ രാഹുലിനൊപ്പം പങ്കെടുത്തു. ശേഷം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയും റോഡ്ഷോയില്‍ അണിചേര്‍ന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകുന്നേരം നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ചു. പി.സരിനൊപ്പം എം.ബി.രാജേഷും റോഡ്ഷോയില്‍ പങ്കെടുത്തു. ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജംഗ്ഷനില്‍ നിന്നുമാണ് ആരംഭിച്ചത്. സി.കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും റോഡ്ഷോയില്‍ പങ്കെടുത്തു.

ഇനിയുള്ള മണിക്കൂറുകളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള നീക്കത്തിലായിരിക്കും സ്ഥാനാര്‍ഥികള്‍. മറ്റന്നാളാണ് വോട്ടെടുപ്പ്. 23 ന് ഫലപ്രഖ്യാപനവും.

Comments (0)
Add Comment