കെ എം മാണി വിടവാങ്ങിയിട്ട് ഇന്ന് ഒരുവര്‍ഷം; പ്രിയ നേതാവിന്‍റെ ഓര്‍മ്മകളില്‍ പാലാ

Jaihind News Bureau
Thursday, April 9, 2020

കെ എം മാണി വിടവാങ്ങിയിട്ട് ഇന്ന് ഒരുവര്‍ഷം. ഇന്നത്തെ പെസഹാദിനം കേരളജനതയ്ക്ക് മറ്റൊരു ഓര്‍മദിനം കൂടിയാണ്. കേരള രാഷ്ട്രീയത്തിലെ ഇതിഹാസത്തിന്റെ വിയോഗം നികത്താനാകാത്ത വിടവാണ് സമ്മാനിച്ചതും. 1965 ല്‍ നിയമസഭ മണ്ഡലം രൂപീകൃതമായതു മുതല്‍ കരിങ്കോഴയ്ക്കല്‍ മാണിയെന്ന കെ.എം. മാണിയുടെ സ്വന്തം പാല എന്നതായിരുന്നു ഉത്തരം. 2019 ഏപ്രില്‍ 9 ന് 86 ആം വയസില്‍ ലോകത്തോട് വിടപറയുന്നതു വരെ പാലാക്കാര്‍ മറ്റൊരു നിയമസഭാ സാമാജികനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല.

കേരള കോണ്‍ഗ്രസ് എന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ തലതൊട്ടപ്പനായി കെ.എം. മാണിയെന്ന ഏവരുടേയും മാണിസാര്‍ മാറിയത് വളരെ വേഗമായിരുന്നില്ല. കോണ്‍ഗ്രസ് മരങ്ങാട്ടുപള്ളി മണ്ഡലം പ്രസിഡന്റായി രാഷ്ട്രീയത്തില്‍ തുടക്കം. യുവ അഭിഭാഷകനെന്ന നിലയില്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍. പടിപടിയായി കോണ്‍ഗ്രസ് നേതൃനിരയിലേക്ക്. 1969 ല്‍ കെപിസിസി അംഗമായി. 1964 ല്‍ കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി. പി.സി ചാക്കോയുടെ മരണത്തെത്തുടര്‍ന്ന് കെ.എം. ജോര്‍ജ്ജ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് പിറവിയെടുത്തപ്പോള്‍ മാണിയും കോട്ടയം ഡിസിസിയും ഏതാണ്ട് പൂര്‍ണ്ണമായും ആ പാര്‍ട്ടിക്കൊപ്പമായി. വെള്ളയും ചുവപ്പും കൊടിയുമായി കേരള കോണ്‍ഗ്രസ് മദ്ധ്യകേരളത്തിലെ നിര്‍ണ്ണായക ശക്തിയായി മാറിയത് ചരിത്രം.

മധ്യകേരളത്തില്‍ ആഴത്തില്‍ വേരുകളുള്ള പാര്‍ട്ടി എന്ന നിലയില്‍ എക്കാലത്തും കേരള കോണ്‍ഗ്രസിന്‍റെ അടിത്തറ കോട്ടയമാണ്. കോട്ടയത്തുകാരനായ നേതാവ് എന്ന നിലയില്‍ കെ.എം. ജോര്‍ജ്ജിനു ശേഷം ആര്‍. ബാലകൃഷ്ണപിള്ള അടക്കമുള്ള സീനിയര്‍ നേതാക്കളെ മറികടന്ന് കേരള കോണ്‍ഗ്രസിന്‍റെ അമരത്തെത്തി. പിന്നീട് ഇന്നലെ വരെ മദ്ധ്യകേരളത്തിലെ രാഷ്ട്രീയത്തില്‍ മാണി നിര്‍ണ്ണായക ശക്തിയായി. ധനമന്ത്രി എന്ന നിലയില്‍ 13 ബഡ്ജറ്റുകള്‍ക്ക് അദ്ദേഹം രൂപം നല്‍കി. ഏറ്റവും അധികം ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന ഖ്യാതി ഇപ്പോഴും അദ്ദേഹത്തിനു സ്വന്തമാണ്.

പ്രതിസന്ധികളില്‍ തളരാതെ പാര്‍ട്ടിയെ നയിക്കുകയും അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും ചെയ്ത നേതാവാണ് കെ.എം. മാണി. രാഷ്ട്രീയ എതിരാളികള്‍ പോലും മാണിസാര്‍ എന്നു വിളച്ച് ബഹുമാനിക്കുന്ന പൊതുസ്വീകാര്യ വ്യക്തിത്വമായി മാറാന്‍ അദ്ദേഹത്തിന് എക്കാലവും സാധിച്ചിട്ടുണ്ട്. സന്തോഷവും ദുഃഖം മനസിലൊളിപ്പിക്കാതെ അത് മറയില്ലാതെ പ്രകടിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തി. ഒരുപക്ഷേ കേരളത്തില്‍ കെ.എം. മാണിയല്ലാതെ മറ്റാരും ഉണ്ടാകില്ല. മരണവീടുകളിലെത്തിയാല്‍ അദ്ദേഹത്തിന് നിയന്ത്രിക്കാനാകില്ല. വളരെ സന്തോഷമുള്ളിടത്തെത്തിയാല്‍ മതിമറന്ന് ചിരിക്കും. എങ്കിലും ഓരോ കാല്‍വെയ്പ്പുകളും കൃത്യമായി അളന്ന് വയ്ക്കുന്ന സ്വഭാവം. അടുക്കും ചിട്ടയും വൃത്തിയും വെടിപ്പും കെ.എം. മാണിയുടെ മുഖമുദ്രയായിരുന്നു. വടിപ്പോളീഷ് ഇട്ടു അലക്കി വൃത്തിയായി തേച്ചിടുന്ന ജൂബയും മുണ്ടും സ്ഥിരം വേഷം. അലങ്കോലമാക്കാതെ വൃത്തിയായി സൂക്ഷിക്കുന്ന ഓഫീസ് അങ്ങനെ എന്തിലും ഏതിലും ഒരു ‘മാണിടച്ച് ‘.

സ്വന്തം മണ്ഡലം എങ്ങനെ ഒരു എംഎല്‍എ നോക്കണം എന്നതിന് എല്ലാവര്‍ക്കും ഒരു പാഠപുസ്തമായിരുന്നു കെ.എം. മാണി. പാലയുടെ വികസനം അത് കെ.എം. മാണിയുടെ മാത്രം കാഴ്ചച്ചപ്പാടിലാണെന്ന് പറഞ്ഞാല്‍ അതിശയോക്തി ഒട്ടുമില്ല. ഐക്യജനാധിപത്യ മുന്നണിയില്‍ ഒരു സഖ്യകക്ഷി നേതാവ് എന്നതിനപ്പുറം ഒരു ലീഡറെന്ന സ്ഥാനമാണ് പലപ്പോഴും മാണി വഹിച്ചിരുന്നത്. കെ.എം. മാണിയെന്ന രാഷ്ട്രീയ ചാണക്യന്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ശൂന്യമായത് ഒരു നല്ല നേതാവിനെ മാത്രമല്ല, ഒരു തന്ത്രശാലിയെക്കൂടിയാണ്. പതിനട്ടടവും നന്നായി വശത്താക്കിയ മെയ് വഴക്കമുള്ള അഭ്യാസിയായിരുന്നു അദ്ദേഹം. ഇനി കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ.എം. മാണിയെപ്പോലെ വളരെ മനോഹരമായി കാര്യങ്ങള്‍ നടത്തിപ്പോകാന്‍ സാധിക്കുന്ന ഒരു നേതാവ് ഉദയം ചെയ്യുമോയെന്ന് സംശയമാണ്.