ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കാം. ഇത്തരമൊരു അബദ്ധം പാകിസ്ഥാനിലെ ഭരണപാര്‍ട്ടിയായ പാകിസ്ഥാന് തെഹരീക് ഇ ഇന്‍സാഫിന് (പി.ടി.ഐ) പറ്റിയതാണിപ്പോള് സമൂഹമാധ്യമങ്ങളില്‍ ചിരിയുടെ ഓളം തീര്‍ക്കുന്നത്. പാകിസ്ഥാനിലെ ഖൈബർ പഖ്തുംഖ്വ പ്രവിശ്യയുടെ പി.ടി.ഐ ഫേസ് ബുക്ക് പേജില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കവെ ‘ക്യാറ്റ് ഫില്‍റ്റര്‍’ ഓഫ് ചെയ്യാന്‍ മറന്നതാണ് വിനയായത്. അതോടെ ഗൌരവകരമായി തുടങ്ങിയ വാര്‍ത്താസമ്മേളനം തമാശയായി മാറുകയായിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ അബദ്ധം സംഭവിച്ചത്.
പ്രവിശ്യാ ക്യാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കുന്ന ഫേസ്ബുക്ക് ലൈവിലായിരുന്നു ക്യാറ്റ് ഫില്‍റ്റർ ഓഫ് ചെയ്യാന്‍ മറന്നത്. ക്യാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ചവരുടെ മുഖത്ത് പൂച്ചയുടേതുപോലെ ചെവിയും, മീശയും മൂക്കും പ്രത്യക്ഷപ്പെട്ടതോടെ പത്രസമ്മേളനം പ്രേക്ഷകര്‍ക്ക് ചിരിവിരുന്നായി മാറി. ലൈവ് കണ്ടുകൊണ്ടിരുന്നവരും സമൂഹമാധ്യമങ്ങളും പെട്ടെന്നുതന്നെ പാകിസ്ഥാന്റെ ‘ഔദ്യോഗിക അബദ്ധം’ ഏറ്റെടുക്കുകയും ചെയ്തതോടെ പിന്നീട് പെയ്തത് ട്രോള്‍ പെരുമഴയായിരുന്നു.
നാലിയ ഇനായത് എന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു ‘ക്യാറ്റ് ഫില്‍റ്റര്‍ കോമഡി’ ആദ്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ചിരി അടക്കാനാവുന്നില്ല എന്ന കമന്റോടെ നാലിയ വാര്‍ത്താസമ്മേളനത്തിന്റെ സ്ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവെച്ചു. തുടർന്ന് നിരവധി പേര് അഭിപ്രായങ്ങളുമായെത്തിയതോടെ പാക് പത്രസമ്മേളനം സമൂഹമാധ്യമങ്ങളില്‍ ചിരിക്ക് വഴിയൊരുക്കി.