അഖ്‍നൂർ മേഖലയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

Jaihind Webdesk
Monday, March 4, 2019

ജമ്മുകാശ്മീരിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. അഖ്‍നൂർ മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ വെടിവെപ്പ് നടത്തി. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പുലർച്ചെ മൂന്ന് മണിയോട് കൂടിയായിരുന്നു വെടിവെപ്പ്.

നിലവിൽ വെടിവെപ്പ് അവസാനിച്ചിരിക്കുകയാണ്. പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം കശ്മീരിലെ നൗഷേരയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രകോപനങ്ങൾ ഉണ്ടായിരുന്നു. കശ്മീരിലെ പൂഞ്ചിൽ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പൂഞ്ച് മേഖലയിൽ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സേന വെടിയുതിർത്തിരുന്നു.ഉറി മേഖലയിൽ നടത്തിയ പാക് സേനയുടെ വെടിവയ്പിൽ ഏഴ് നാട്ടുകാര്‍ക്ക് പരിക്കേറ്റു. നൗഷേര, കൃഷ്ണഗട്ടി , ബാലാകോട്ട് , മെന്ദാര്‍ എന്നിവിടങ്ങളിൽ പാകിസ്ഥാന്‍ വെടിവെപ്പും ഷെല്ലാക്രണമണവും നടത്തിയിരുന്നു.