പാകിസ്ഥാനില്‍ മൂന്ന് മാസത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ്; പാർലമെന്‍റും മന്ത്രിസഭയും പിരിച്ചുവിട്ടു

Jaihind Webdesk
Sunday, April 3, 2022

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പാർലമെന്‍റും മന്ത്രിസഭയും പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ശുപാർശയ്ക്ക് പിന്നാലെയാണ് പ്രസിഡന്‍റ് ആരിഫ് അൽവി പാര്‍ലമെന്‍റ് പിരിച്ചുവിട്ടത്. പിന്നാലെ മന്ത്രിസഭയും പിരിച്ചുവിട്ടതായി വാർ‌ത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നും ഫവാദ് ചൗധരി പറഞ്ഞു.

ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തുടരും. അവിശ്വാസ പ്രമേയ വോട്ടെടുപ്പ് തള്ളിയതിന് പിന്നാലെയാണ് സഭ പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ പ്രസിഡന്‍റിനോട് ശുപാർശ ചെയ്തത്. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ അണികളോട് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. അവിശ്വാസ പ്രമേയം വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.