ഗുജറാത്തിലെ ഗൾഫ് ഓഫ് കച്ച് മേഖലയിൽ പാക് മറൈൻ കമാൻഡോകളുടെ നുഴഞ്ഞു കയറ്റമെന്ന് സൂചന; രാജ്യത്ത് ജാഗ്രതാ നിർദേശം; പ്രകോപനമായി പാക് ബാലിസ്റ്റിക് മിസൈൽ പരീക്ഷണവും

Jaihind Webdesk
Thursday, August 29, 2019

പാകിസ്ഥാൻ തീവ്രവാദികളും പരിശീലനം ലഭിച്ച കമാന്‍ഡോകളും ഗുജറാത്ത്‌ തീരം വഴി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. രഹസ്യ വിവരത്തിന്‍റെ പശ്ചാത്തലത്തിൽ ബി.എസ്.എഫിനും കോസ്റ്റ് ഗാർഡിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കച്ച് തീരപ്രദേശത്തുള്ള തുറമുഖങ്ങൾക്ക് സംശയാസ്പദമായ രീതിയിൽ എന്ത്‌ കണ്ടാലും ഉടൻ കോസ്റ്റ് ഗാർഡിനെയും കോസ്റ്റൽ പോലീസ് സ്റ്റേഷനുകളെയും അറിയിക്കാനും നിർദ്ദേശം നല്‍കി.

പാകിസ്ഥാന്‍റെ പരിശീലനം ലഭിച്ച തീവ്രവാദികളും കമാന്‍ഡോകളും കച്ച് തീരം വഴി നുഴഞ്ഞുകയറാൻ ശ്രമം നടത്തുന്നതായി മുന്നറിയിപ്പ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയിലാണ് ഗുജറാത്ത് തീരം. ബി.എസ്.എഫും കോസ്റ്റ് ഗാർഡും ജാഗ്രത പുലർത്തുന്നുണ്ട്. ചെറു ബോട്ടുകളിൽ തീവ്രവാദികൾ തീരത്തേക്ക് നുഴഞ്ഞു കയറും എന്നാണ് രഹസ്യ വിവരം ഉള്ളത്. കച്ച് തീരപ്രദേശത്തുള്ള തുറമുഖങ്ങൾക്ക് സംശയാസ്പദമായ രീതിയിൽ എന്ത്‌ കണ്ടാലും ഉടൻ കോസ്റ്റ് ഗാർഡിനെയും, കോസ്റ്റൽ പോലീസ് സ്റ്റേഷനുകളെയും അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റ് ഉപദേശങ്ങൾ ഗുജറാത്ത് തീരത്തുള്ള സ്വകാര്യ തുറമുഖങ്ങൾക്കും നൽകിയിട്ടുണ്ട്. തുറമുഖത്തും തീരത്തും സുരക്ഷാ ലെവൽ വൺ അലർട്ട് മുഴക്കിയിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് അദാനി പോർട്ടുകൾ അറിയിച്ചു. നിലവിലത്തെ സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വ്യാഴാഴ്ച വ്യാപകമായി തീരമേഖലകളിൽ വിന്യസിച്ചും, സുരക്ഷാ നടപടികൾ ഉയർന്ന തലത്തിലേക്ക് ഉയർത്തിയുമാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.

അതിനിടെ പ്രകോപനമെന്നോണം പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തിയതായും സ്ഥിരീകരിച്ചു. കറാച്ചിയിലാണ് പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളും പാകിസ്ഥാൻ പുറത്തുവിട്ടു. 290 കിലോമീറ്റർ ദൂരപരിധിയിലുള്ള മിസൈലാണ് പരീക്ഷിച്ചത്. പാക് സൈനിക വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.