പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി. തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെയും ഭാര്യയെയും 14 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയുടേതാണ് വിധി.
ഫെബ്രുവരി എട്ടിന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഇമ്രാന്‍ ഖാനെതിരായി വിധി വന്നത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നതാണ് ഇമ്രാന്‍ ഖാനെതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വെക്കാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും.
എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. പ്രധാനമന്ത്രിയായിരിക്കേ, ഇമ്രാന്‍ഖാനും ഭാര്യയും ചേര്‍ന്ന് 108 സമ്മാനങ്ങള്‍ സ്വീകരിച്ചതായാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസിലും ഇമ്രാന്‍ ഖാനെ ശിക്ഷിച്ചിരുന്നു. ഇമ്രാന്‍ ഖാനെതിരെ പത്തുവര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും സമാനമായ ശിക്ഷയാണ് വിധിച്ചത്.