ഇന്ത്യയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി ഭരണാധികാരിയുടെ പാക് സന്ദർശനം മാറ്റിവെച്ചത് പാകിസ്ഥാന് കനത്ത തിരിച്ചടിയായി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം
ഒറ്റപ്പെട്ട പാകിസ്ഥാന് ഏൽക്കുന്ന കനത്ത പ്രഹരമാണ് സൗദിയുടെ തീരുമാനം. 21,400 കോടിയുടെ സഹായം പ്രതീക്ഷിച്ചിരിക്കവെയാണ് പാകിസ്ഥാന് തിരിച്ചടിയായിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തെ സൗദി അപലപിച്ചിരുന്നു. കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണയുമായി എത്തുന്നുണ്ട്.
അതേസമയം, ജമ്മു-കശ്മീരിൽ കനത്ത ജാഗ്രത. ജമ്മുവിലും ചുറ്റുവട്ടത്തെ ഏഴോളം സ്ഥലങ്ങളിലും കർഫ്യൂ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്രം കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു.
ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും ജമ്മുകശ്മീർ. കനത്ത സുരക്ഷാ വലയത്തിലാണ് കശ്മീര്‍. എങ്കിലും ഏത് നിമിഷവും പൊട്ടിത്തെറി പ്രതീക്ഷിക്കാവുന്ന അന്തരീക്ഷം. സുരക്ഷ കണക്കിലെടുത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ പുൽവാമയിൽ ഉപയോഗിച്ചത് 60 കിലോ ആർഡിഎക്സാണെന്നാണ് സിആർപിഎഫ് അന്വേഷണത്തിലെ കണ്ടെത്തൽ. അക്രമി സഞ്ചരിച്ച വാഹനം സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറുകയായിരുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.