ജമ്മു-കശ്മീര്‍: നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുന്നു. നൗഷേര, കൃഷ്ണഘാട്ടി, ബലാകോട്ട്, മെന്ദാര്‍ എന്നിവിടങ്ങളില്‍ പാകിസ്ഥാൻ കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ഹന്ദ്‍വാരയിൽ സൈന്യവും ഭീകകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ സേനാംഗങ്ങളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ജമ്മു-കശ്മീരിലെ ഹന്ദ് വാരയിലാണ് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു. ഭീകരര്‍ എല്ലാം കൊല്ലപ്പെട്ടുവെന്ന ധാരണയില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായി നടത്തിയ തെരച്ചിലിനിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന തീവ്രവാദി വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിലാണ് അഞ്ച് സുരക്ഷാസേനാംഗങ്ങളുടെ ജീവന്‍ നഷ്ടമായത്.
അതേസമയം പഞ്ചാബിലെ ഫിറോസ്പൂരിൽ സൈനിക ഒൗട്ട് പോസ്റ്റിന്‍റെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ചാരനെ അതിര്‍ത്തിരക്ഷാസേന പിടികൂടി. ഇയാളില്‍ നിന്ന് പാകിസ്ഥാന്‍ സിം ഉള്ള മൊബൈല്‍ കണ്ടെടുത്തിട്ടുണ്ട്.