പത്മകുമാറും സംഘവും മുമ്പും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; ഓയൂർ കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു

 

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ നേരത്തെ മറ്റ് ചില കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. പത്മകുമാറിനെ ഒമ്പത് മണിക്കൂറോളം തുടർച്ചയായി ചോദ്യം ചെയ്ത അന്വേഷണസംഘം മൊഴികളിലെ പൊരുത്തക്കേടും വൈരുദ്ധ്യവും വിലയിരുത്തി പ്രതികളെ ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്യും.

കേസിലെ പ്രധാന പ്രതി പത്മകുമാറിൽ നിന്ന് ലഭിച്ച മൊഴികൾ വിശകലനം ചെയ്തശേഷം ഭാര്യയേയും മകളെയും അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്യും. പ്രതികളുടെ മൊഴികളിലെ പൊരുത്തക്കേടുകൾ വിലയിരുത്തിയശേഷം ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്യൽ തുടരാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൊട്ടാരക്കര റൂറൽ പോലീസ് ആസ്ഥാനത്ത് പ്രതികളെ ചോദ്യം ചെയ്യുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണോ കുറ്റകൃത്യം ചെയ്തതെന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. പ്രതികളിൽ നിന്ന് നേരത്തെ കണ്ടെത്തിയ ഡയറികളും നോട്ട് ബുക്കും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചില കുട്ടികളുടെ വിവരങ്ങൾ നോട്ട്ബുക്കിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുവാൻ ഇവർ ലക്ഷ്യമിട്ടെന്ന സൂചനയാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

കേസിൽ കൂടുതൽ പേർക്ക് പങ്കാളിത്തം ഉണ്ടോ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. പത്മകുമാറിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകും.

Comments (0)
Add Comment