കൊലപാതകിയെ പിണറായി വെള്ളപൂശുന്നു ; കോടതി വിധിയെ ധിക്കരിക്കലും ഭരണഘടനാ ലംഘനവുമെന്ന് പദ്മജ വേണുഗോപാൽ

Jaihind News Bureau
Saturday, June 13, 2020

കൊലക്കേസില്‍ കോടതി ശിക്ഷിച്ച പി.കെ കുഞ്ഞനന്തന് സ്തുതി പാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പദ്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സൈബർ സഖാക്കള്‍ നടത്തുന്ന അഴിഞ്ഞാട്ടത്തെയും പദ്മജ വിമർശിച്ചു.

കുഞ്ഞനന്തന്‍റെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചില്ലെങ്കിൽ പകരം രാജീവ് ഗാന്ധിയെ അപമാനിക്കുന്നവരാണ് സഖാക്കള്‍. ഇന്ത്യയെ ശാസ്ത്ര സാങ്കേതിക രംഗത്ത് കുതിപ്പിൽ എത്തിച്ച ദീർഘ വീക്ഷണശാലിയായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. സഖാക്കൾക്ക് മൊബൈൽ ഫോണിൽ ഇത്തരത്തിൽ അപമാനിക്കാൻ കഴിഞ്ഞത് രാജീവ് ഗാന്ധി കൊണ്ടുവന്ന ശാസ്ത്ര സാങ്കേതിക വിദ്യ കാരണമാണെന്നും പദ്മജ പരിഹസിച്ചു.

ടി.പി ചന്ദ്രശേഖരന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടതിന് ശേഷവും കുലംകുത്തി എന്ന് വിളിച്ച് ആക്ഷേപിച്ചയാളാണ് പിണറായി വിജയന്‍. കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ക്രിമിനലിന് വെള്ള പൂശുന്ന പിണറായി വിജയന്‍ ചെയ്യുന്നത് ഭരണഘടനാ ലംഘനവും കോടതി വിധിയെ ധിക്കരിക്കലുമാണെന്നും പദ്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പദ്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം:

ആരാണ് പിണറായി വിജയൻ, സഖാവ് ടി പി ചന്ദ്രശേഖരൻ അതിക്രൂരമായി കൊല്ലപ്പെട്ട ശേഷവും ആ സാധുവിനെ “കുലംകുത്തി “എന്ന് വിളിച്ച് അധിക്ഷേപിച്ച കമ്മ്യൂണിസ്റ്റ് നേതാവ്.. സഖാവ് കുഞ്ഞനന്തനോട് കോൺഗ്രസുകാർ സഹതാപം പ്രകടിപ്പിക്കണമത്രേ? ഭർത്താവ് അതിക്രൂരമായി കൊല്ലപ്പെട്ട കെ കെ രമയ്ക്ക് എതിരെയും സൈബർ സഖാക്കൾ അധിക്ഷേപവുമായി രംഗത്ത്.. കുഞ്ഞനന്തന്റെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചില്ലെങ്കിൽ പകരം പ്രതിഭാശാലിയായ രാജീവ് ഗാന്ധിയെ അപമാനിക്കുന്ന സഖാക്കൾ… രാജീവ്ജി ആരായിരുന്നു? തന്റെ മാതാവ് രാജ്യം ഭരിക്കുമ്പോഴും 5000 രൂപ ശമ്പളത്തിൽ പൈലറ്റായി ജോലി ചെയ്ത് ജീവിച്ച വിനീതനായ നിഷ്കളങ്കൻ… ഇന്ത്യയെ ശാസ്ത്ര സാങ്കേതിക രംഗത്ത് കുതിപ്പിൽ എത്തിച്ച ദീർഘ വീക്ഷണശാലിയായ ഭരണാധികാരി.. സഖാക്കൾക്ക് മൊബൈൽ ഫോണിൽ ഇത്തരത്തിൽ അപമാനിക്കാൻ കഴിഞ്ഞത് രാജീവ് ഗാന്ധി കൊണ്ടുവന്ന ശാസ്ത്ര സാങ്കേതിക വിദ്യയാണ്… സഖാവ് കുഞ്ഞനന്തൻ ആര്? ഒരു സാധു മനുഷ്യനെ 51 വെട്ടി കൊന്ന കേസിലെ കുറ്റവാളി എന്ന് കോടതി കണ്ടെത്തിയ ക്രിമിനൽ.. കോടതി വിധി അംഗീകരിക്കാത്ത CPM രാജ്യത്തെ നിയമ വ്യവസ്ഥയെ ആണ് വെല്ലു വിളിക്കുന്നത്.. “”മുഖ്യമന്ത്രി പറഞ്ഞത് സമൂഹത്തോട് കരുതൽ ഉള്ള മനുഷ്യനാണ് കുഞ്ഞനന്തൻ എന്നാണ്..”” കൊലപാതകക്കേസിൽ കുറ്റം ചെയ്തെന്ന് കോടതി കണ്ടെത്തിയ ക്രിമിനലിന് വെള്ള പൂശുന്ന ഭരണാധികാരിയാണ് പിണറായി.., മുഖ്യമന്ത്രി ചെയ്യുന്നത് ഭരണഘടനാ ലംഘനവും കോടതി വിധിയെ ധിക്കരിക്കലുമാണ്..മുഖ്യമന്ത്രി തന്റെ FB അനുസ്മരണ പോസ്റ്റിൽ കുഞ്ഞനന്തന്റെ ഫോട്ടോ വച്ചത് നന്നായി, അല്ലെങ്കിൽ വിജയൻ രാഷ്ട്രപിതാവ് ഗാന്ധിജിയെ അനുസ്മരിക്കുന്നു എന്ന് ചിന്തിച്ച് പോയേനേം ഞാൻ…
പത്മജ വേണുഗോപാൽ