തെറ്റുകൾ ചൂണ്ടിക്കാട്ടുക പ്രതിപക്ഷത്തിന്‍റെ കടമയാണ്, അതിൽ വിലപിച്ചിട്ട് കാര്യമില്ല; മുഖ്യമന്ത്രിയോട് പദ്മജ വേണുഗോപാല്‍

Jaihind News Bureau
Thursday, April 9, 2020

 

സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക പ്രതിപക്ഷത്തിന്‍റെ കടമയാണന്നും അതില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് കെപിസിസി വൈസ് പ്രസിഡന്‍റ് പദ്മജ വേണുഗോപാല്‍. രാഷ്ട്രീയ പ്രവർത്തന രംഗത്തും ഭരണരംഗത്തും കഴിവുകൾ തെളിയിച്ച കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സർക്കാരിന്‍റെ  പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ അതിൽ അസഹിഷ്ണുത പൂണ്ട് ആരെങ്കിലും എഴുതിക്കൊടുത്തത് നോക്കി അവർക്ക് കുശുമ്പ് എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും പദ്മജ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഗൾഫിലുള്ള പാവപ്പെട്ട മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്താത്തതിനെ കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തിയത് തെറ്റാണോയെന്നും പദ്മജ ചോദിച്ചു.

പദ്മജ വേണുഗോപാലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

UDF ഭരിക്കുന്ന കാലത്ത് പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷം അന്നെടുത്ത സമീപനങ്ങൾ എന്തായിരുന്നു.? എല്ലാ വികസ പദ്ധതികളെയും എതിർക്കുക, ആശുപത്രികളുടെ നിർമ്മാണത്തിനെതിരെ പോലും സമരം ചെയ്യുക.. ഇന്നത്തെ പ്രതിപക്ഷം രാഷ്ട്രീയ സങ്കുചിത മനോഭാവക്കാരല്ല, സംസ്ഥാനത്തിന്റെ പൊതു വിഷയങ്ങളിൽ സർക്കാരിനൊപ്പം തന്നെ.. സർക്കാരിന് പ്രശംസകൾ മാത്രം നൽകുകയല്ല പ്രതിപക്ഷത്തിന്റെ കടമ, തെറ്റുകൾ ചൂണ്ടിക്കാട്ടുകയുമാണ് കടമ.. പ്രതിപക്ഷ നേതാവ് ഉയർത്തുന്ന നിർണ്ണായകമായ ആവശ്യങ്ങളെ ദുരഭിമാനം കൊണ്ട് ആദ്യം എതിർക്കുകയും ഒടുവിൽ സർക്കാർ അംഗീകരിക്കുകയും ചെയ്യുന്നതാണ് ജനം കണ്ടത്.. ഫെബ്രുവരി 26 ന് കിട്ടിയ കേന്ദ്ര ജാഗ്രതാ നിർദ്ദേശം ശ്രദ്ധിക്കാതെ മേശക്കകത്തു വച്ചതുകൊണ്ടല്ലേ വിദേശത്തു നിന്ന് വന്നവർ സൂത്രത്തിൽ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയത് ? പ്രതിപക്ഷത്തിന്റെ ശക്തമായ വിമർശനത്തെ തുടർന്നാണ് പിന്നീട് സർക്കാർ അക്കാര്യത്തിൽ ശ്രദ്ധ ചെലുത്തിയത്… കൊറോണ സാമ്പത്തിക പാക്കേജ് എന്ന പേരിൽ പ്രഖ്യാപിച്ച കുടിശിക വിതരണത്തിലെ, ജനത്തെ കബളിപ്പിക്കാൻ ശ്രമിച്ച സർക്കാരിന്റെ കപടമുഖം തുറന്നു കാട്ടിയത് തെറ്റാണോ? റേഷൻ വിതരണത്തിൽ പുതുതായി വെള്ളക്കാർഡുകാർക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്, പക്ഷേ റേഷൻ സൗജന്യ കാര്യത്തിലും നിലവിലുള്ള സൗജന്യങ്ങൾ പുതിയ പദ്ധതിയായി അവതരിപ്പിച്ച് ജനങ്ങളളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷം അതിലെ കപടത തുറന്നു കാട്ടി.. കൊറോണ ദുരന്ത സമയത്ത് ജനങ്ങൾക്ക് നല്കേണ്ട സഹായങ്ങൾ പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെടുന്നത് തെറ്റാണോ? കാസർഗോഡ്‌ പത്തോളം രോഗികൾ ചികിത്സ കിട്ടാതെ മരണമടഞ്ഞത് ഈ സർക്കാരിന്റെ വീഴ്ച്ചകൊണ്ടല്ലേ? UDF 2013 ൽ ഫണ്ട് അനുവദിച്ച് നിർമ്മാണം വേഗതയിൽ നടത്തിയ കാസർഗോഡ് മെഡിക്കൽ കോളേജ് സമയബന്ധിതമായി 2018ൽ പിണറായി സർക്കാർ പൂർത്തീകരിച്ചിരുന്നെങ്കിൽ ഇത്രയും മരണം കാസർഗോഡ് ഉണ്ടാകുമായിരുന്നോ?കൊറോണ ദുരിത സമയത്ത് ഹെലികോപ്ടറിനായി 1 കോടി 70 ലക്ഷം സർക്കാർ ഖജനാവിൽ നിന്ന് സ്വകാര്യ വിമാന കമ്പനിയ്ക്ക് നൽകിയതിനെ പ്രതിപക്ഷം വിമർശിച്ചത് തെറ്റാണോ? കേരളത്തിലെ ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത സർക്കാരിന്റെ ശമ്പളം പറ്റുന്ന നോക്കുകുത്തികളായ സർക്കാർ പ്രതിനിധികളെ വിമർശിച്ചത് തെറ്റാണോ? ഭീഷണിപ്പെടുത്തി സാലറി ചലഞ്ചിന് ശ്രമിക്കുന്ന സർക്കാരിനെ വിമർശിച്ചത് തെറ്റാണോ? ഗൾഫിലുള്ള പാവപ്പെട്ട മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്താത്തതിനെ KPCC പ്രസിഡന്റ് കുറ്റപ്പെടുത്തിയത് തെറ്റാണോ?
UDF സംഘടനകൾ നടത്തിയിരുന്ന സന്നദ്ധ സേവനങ്ങൾ രാഷ്ട്രീയ കുശുമ്പ് മൂലം സർക്കാർ നിർത്തലാക്കുകയും, കമ്മ്യൂണിറ്റി കിച്ചനെ “കമ്മ്യൂണിസ്റ്റ് കിച്ചനാക്കാൻ” നടത്തുന്ന ശ്രമങ്ങളെ വിമർശിച്ചതും തെറ്റാണോ? നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള കൊറോണ സമയത്തെ പാത്രം കൊട്ടലിനെയും ടോർച്ചടിക്കലിനെയും കോൺഗ്രസ് വിമർശിച്ചത് തെറ്റാണോ? ഈ രാജ്യത്ത് ആരോഗ്യരംഗത്ത് ഉണ്ടായ എല്ലാ നേട്ടങ്ങളും കോൺഗ്രസ് നേതൃത്വ സർക്കാരുകളുടെ ദീർഘവീക്ഷണ പദ്ധതികളുടെ വിജയമാണ്.. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയത് UPA ഗവൺമെൻറാണ്.. കഴിഞ്ഞ UDF സർക്കാരുകൾ കേരളത്തിൽ ആരംഭിച്ച ഏതെങ്കിലും മെഡിക്കൽ കോളേജ് പൂർത്തിയാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞോ? കാസർഗോഡ് മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ സർക്കാർ ഉണർന്നത്, കോറോണ വന്നതുകൊണ്ടും ചികിത്സ കിട്ടാതെ മരണങ്ങൾ ഉണ്ടായപ്പോഴും മാത്രം..UDF കൊണ്ടുവന്ന തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജ്, കോന്നി മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ എല്ലാം തുടർ പ്രവർത്തനങ്ങൾ ഈ ഭരണത്തിൽ നിശ്ചലം.. രാഷ്ട്രീയ പ്രവർത്തന രംഗത്തും ഭരണരംഗത്തും കഴിവുകൾ തെളിയിച്ച KPCC പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സർക്കാരിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ അതിൽ അസഹിഷ്ണുത പൂണ്ട് ആരെങ്കിലും എഴുതിക്കൊടുത്തത് നോക്കി അവർക്ക് കുശുമ്പ് എന്ന് പറഞ്ഞിട്ട് കാര്യമില്ല.. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നാണ് പ്രതിപക്ഷവും പറഞ്ഞിട്ടുള്ളത്, തെറ്റുകൾ ചൂണ്ടിക്കാട്ടുക പ്രതിപക്ഷത്തിന്റെ കടമയാണ്.. അതിൽ വിലപിച്ചിട്ട് കാര്യമില്ല മുഖ്യമന്ത്രി…