കിഫ്ബിയിലെ അഴിമതിയില്‍ പിടിക്കപ്പെടുമെന്ന് ഐസക്കിന് പൂർണ്ണബോധ്യം ; ധനമന്ത്രിയുടേത് മുന്‍കൂർ ജാമ്യം എടുക്കലെന്ന് പത്മജ വേണുഗോപാല്‍

Jaihind News Bureau
Monday, November 16, 2020

കിഫ്ബിയിൽ വൻ അഴിമതി നടത്തിയിട്ടുണ്ടെന്നും പിടിക്കപ്പെടുമെന്നും ധനമന്ത്രി തോമസ് ഐസക്കിന് പൂർണ്ണ ബോധ്യമുള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവരുന്നതിന്  പ്രഖ്യാപനം നടത്തി  മുൻകൂർ ജാമ്യം എടുത്തതെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍. തുടക്കം മുതൽ ഒടുക്കം വരെ അഴിമതിയുടെ പെരുമഴക്കാലം ആണ് പിണറായി ഭരണത്തിലെന്നും പത്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.  പാംഓയിൽ ഇറക്കുമതിയിൽ രണ്ടര കോടി രൂപ ഖജനാവിന് നഷ്ടം വരുത്തി എന്ന ഒരു സിഎജി റിപ്പോർട്ടിന്‍റെ പേരിൽ കെ. കരുണാകരനെ മരണം വരെ വേട്ടയാടിയ സഖാക്കൾക്ക് സിഎജിയോട് ഇപ്പോള്‍ പുച്ഛമാണെന്നും പത്മജ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പാമോയിൽ ഇറക്കുമതിയിൽ രണ്ടര കോടി രൂപ ഖജനാവിന് നഷ്ടം വരുത്തി എന്ന ഒരു CAG റിപ്പോർട്ടിന്റെ പേരിൽ കെ കരുണാകരനെ മരണം വരെ വേട്ടയാടിയ സഖാക്കൾക്ക് CAGയോട് ഇപ്പോൾ പുച്ഛം..പശ്ചിമ ബംഗാൾ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരുന്ന ജോതി ബസു ഇറക്കുമതി ചെയ്തതിൽ വില കുറച്ചാണ് അന്ന് കെ കരുണാകരൻ ഭരണത്തിൽ കേരളം പാമോയിൽ ഇറക്കുമതി ചെയ്തത്.. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറ്റവും കുറഞ്ഞ വിലയ്ക്കും പാമോയിൽ അന്ന് ഇറക്കുമതി നടത്തിയത് കേരളം ആയിരുന്നു..

ധനമന്ത്രി ഡോ. തോമസ് ഐസക് CAG കരട് റിപ്പോർട്ട് ചോർത്തി എടുത്ത് ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നു.. അഴിമതി പിടിക്കപ്പെടുമെന്ന ഭയത്താൽ CAG കേരള സർക്കാരിനെ വേട്ടയാടും എന്ന് മുൻകൂട്ടി പ്രഖ്യാപിച്ച്‌ പ്രതിരോധം തീർക്കുന്നു.. ഇതു വരെ പുറത്തു വരാത്ത CAG റിപ്പോർട്ട് സർക്കാരിന് എതിരെ ആകുമെന്ന് മന്ത്രി മുൻകൂട്ടി പ്രഖ്യാപിക്കുന്നു.. കിഫ്ബിയിൽ വൻ അഴിമതി നടത്തിയിട്ടുണ്ട് എന്നും പിടിക്കപ്പെടുമെന്നും ധന മന്ത്രി ഐസക്കിന് പൂർണ്ണ ബോധ്യമുള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് ആദ്യമേ ഇത്തരം പ്രഖ്യാപനം നടത്തി അദ്ദേഹം മുൻകൂർ ജാമ്യം എടുക്കുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ അഴിമതിയുടെ പെരുമഴക്കാലം പിണറായി ഭരണത്തിൽ-

 

https://www.facebook.com/padmaja.venugopal.94/posts/1799902823520066