ഇടുക്കി: മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ ദേശീയ പാതയില്‍ വിനോദസഞ്ചാരികളുടെ കാര്‍ തകര്‍ത്ത് പടയപ്പ. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 യോടെയാണ് സംഭവം. അന്തര്‍ സംസ്ഥാന പാതയില്‍ നിലയുറപ്പിച്ച പടയപ്പ വാഹനമെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കാര്‍ തകര്‍ന്നു.
മൂന്നാർ ഉദുമൽപേട്ട അന്തർ ദേശീയപാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാ പ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. കാട്ടാന പാഞ്ഞടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇതിനുശേഷം വാഹനത്തിന് അടുത്തേക്ക് എത്തിയ പടയപ്പ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു. വാഹനത്തിന് മുകളില്‍ തുമ്പിക്കൈ ഉപയോഗിച്ച് അടിച്ചും നാശം വരുത്തി. വിനോദസഞ്ചാരികള്‍ ഓടി മറഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം തമിഴ്‌നാട് ആര്‍ടിസി ബസിന്‍റെ ചില്ലും പടയപ്പ തകര്‍ത്തിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാറിലും പരിസരപ്രദേശങ്ങളിലും പടയപ്പ അടക്കമുള്ള കാട്ടാനകളുടെ ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. വനം വകുപ്പ് ആര്‍ആര്‍ടി സംഘം വിഷയം ഗൗരവമായി കാണണമെന്ന ആവശ്യവും ഉയരുന്നു.