പി. ശശിക്കെതിരെ വീണ്ടും പി. വി. അന്‍വര്‍; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൊളിറ്റിക്കല്‍ ടാര്‍ഗറ്റുണ്ടെന്ന് ആക്ഷേപം

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും പി.വി. അന്‍വര്‍. എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെയും പി. ശശിക്കെതിരെയും  താൻ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ ആദ്യം അവഗണിച്ച സർക്കാർ ഒടുവിൽ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് പി.വി. അൻവർ എംഎല്‍എ.

അന്വേഷണം വൈകുന്നത് സംബന്ധിച്ച് ഇത്രയേറെ വലിയ ചർച്ചകൾ പൊതുസമൂഹത്തിൽ നടന്നിട്ടും എന്തുകൊണ്ട് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ലെന്ന് അൻവർ ചോദിച്ചു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാർട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാൻ പൊളിറ്റിക്കൽ സെക്രട്ടറി കൂട്ടുനിന്നു. സർക്കാരിനെയും പാർട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുൾമുനയിൽ നിർത്തിയതിന് പൊളിറ്റിക്കൽ സെക്രട്ടറി മറുപടി പറയേണമെന്നും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു.

പൊളിറ്റിക്കൽ സെക്രട്ടറിക്ക് ഇതിൽ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാൻ സംശയിക്കുന്നതിന്‍റെ കാരണങ്ങളിലൊന്നാണിത്. പി. ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് പരാതി കൈമാറിയിട്ടുണ്ട്. പാർട്ടി പറയട്ടെ ബാക്കിയെന്നും പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പരാതികളിൽ അന്വേഷണം അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ടെന്നും കീഴുദ്യോ​ഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.  എഡിജിപിക്കെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം പോയത് പരാതിയിൽ കഴമ്പുള്ളത് കൊണ്ടാണ്. അതിനാല്‍ എഡിജിപിയെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും പി.വി. അന്‍വര്‍ ആവശ്യപ്പട്ടു.

 

Comments (0)
Add Comment