വിദ്യാർത്ഥികള്‍ക്ക് പൊരിവെയില്‍, മുഖ്യന് എസി ബസില്‍ സുഖയാത്ര; സർക്കാർ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവരുമെന്ന് മുഹമ്മദ്‌ ഷമ്മാസ്

 

കണ്ണൂർ: ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ എസി ബസിൽ ഈസി ചെയറിൽ സുഖിച്ചിരുന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ പിഞ്ചുകുട്ടികളെ പൊരിവെയിലത്ത് റോഡിൽ നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതിലൂടെ എന്തു സന്ദേശമാണ് നവകേരള സദസ് യാത്രയിലൂടെ നൽകുന്നതെന്ന് വ്യക്തമായതായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ പി. മുഹമ്മദ്‌ ഷമ്മാസ്.

തലശേരി ചമ്പാട് എൽപി സ്കൂളിലും കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് ഉൾപ്പെടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന കാഴ്ചകൾ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പരിപാടിയിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികളുടെ ക്വാട്ട നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നു. പരിഹാസ്യവും പ്രതിഷേധാർഹവുമായ ഇത്തരം നടപടികൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. പിഞ്ചു വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തുന്നതിൽ അല്‍പ്പം പോലും മനസാക്ഷിക്കുത്ത് മുഖ്യമന്ത്രിക്കില്ലാത്തത് എന്തുകൊണ്ടാണെന്ന് മുഹമ്മദ് ഷമ്മാസ് ചോദിച്ചു. മുഖ്യമന്ത്രിയും ഒരു മുത്തച്ഛനാണ് എന്നത് ഓർമ്മിക്കണമെന്നും കുറച്ചെങ്കിലും മനുഷ്യത്വം തോന്നണമെന്നും ഷമ്മാസ് പറഞ്ഞു.

ഹൈക്കോടതി വിധിയെ പോലും കാറ്റിൽ പറത്തിക്കൊണ്ട് സ്കൂൾ ബസുകൾ ഉപയോഗിച്ചാണ് നവ കേരള സദസിൽ  ഇപ്പോഴും ആളെ കൂട്ടുന്നത്. സർക്കാർ ഇത്തരം നടപടികള്‍ തുടർന്നാൽ കടുത്ത പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും വലിയ വില കൊടുക്കേണ്ടി വരുമെന്നും ഷമ്മാസ് ഓർമ്മപ്പെടുത്തി. സർക്കാർ ചെലവിൽ നടത്തുന്ന പാർട്ടി പരിപാടി തെറ്റായ രീതിയിൽ തുടരുന്നതിനാൽ പ്രതിഷേധങ്ങൾ ഇരന്നു വാങ്ങുകയാണെന്നും പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

Comments (0)
Add Comment