‘പ്രതീകാത്മകത പ്രധാനമാണ്, ഗൗരവമായ ചിന്തകളും ആശയങ്ങളും നടപടികളും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്’; മോദിയുടെ ആഹ്വാനത്തിനെതിരെ പി.ചിദംബരം എം.പി

Jaihind News Bureau
Friday, April 3, 2020

ന്യൂഡല്‍ഹി: കൊവിഡിനെ നേരിടുന്നതിനായി ഏപ്രില്‍ അഞ്ചിന് എല്ലാപേരും ദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പി.ചിദംബരം എം.പി. പ്രതീകാത്മകത പ്രധാനമാണെന്നും ഒപ്പം ഗൗരവമായ ചിന്തകളും നടപടികളും കൂടി ആവശ്യമാണന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

‘ജനങ്ങള്‍ എല്ലാവിധത്തിലും നിരാശരാണ് പ്രതീകാത്മകത പ്രധാനമാണ്, പക്ഷേ ഗൗരവമായ ചിന്തകളും ആശയങ്ങളും നടപടികളും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്’- ചിദംബരം ട്വിറ്റില്‍ കുറിച്ചു.

അതേസമയം മോദിയുടെ  ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. ‘പ്രധാന ഷോമാനെ കേട്ടു. ജനങ്ങളുടെ വേദനയും ദുരിതങ്ങളും സാമ്പത്തിക പരാധീനതകളും എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒന്നുമില്ല. ഭാവിയെ കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ലാതെ, നിലവിലെ പ്രശ്നങ്ങളൊന്നും പങ്ക് വെക്കാതെ അദ്ദേഹം ലോക്ക് ഡൗണിന് ശേഷമുളള കാലത്തെ കുറിച്ച് പറയുകയാണ്. ഇത് ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രി സംഘടിപ്പിച്ച ഒരു ഫീല്‍ ഗുഡ് അനുഭവം മാത്രം’ – ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.