ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന ഐ.എം.എഫ് (അന്താരാഷ്ട്ര നാണയ നിധി) റിപ്പോര്‍ട്ടിന് പിന്നാലെ മുന്നറിയിപ്പുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ഐ.എം.എഫിനും മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥിനുമെതിരെ മോദി സർക്കാരില്‍ നിന്ന് ആക്രമണം പ്രതീക്ഷിക്കാമെന്ന് പി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
‘നോട്ട് നിരോധനത്തെ ആദ്യം അപലപിച്ചവരിൽ ഒരാളാണ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. ഐ.എം.എഫിനും ഡോ. ഗീതാ ഗോപിനാഥിനുമെതിരെ മോദി സർക്കാരിലെ മന്ത്രിമാരുടെ ഒരു ആക്രമണം പ്രതീക്ഷിക്കാവുന്നതാണ്’ – പി ചിദംബരം ട്വീറ്റ് ചെയ്തു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.8 ശതമാനമായി കുറയുമെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. 6.1 ശതമാനം വളര്‍ച്ചാ നിരക്കാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വളരെ താഴെയാണ് നിലവിലെ സ്ഥിതി. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. നിലവിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് ധാരണയില്ലാത്തതാണ് സമ്പദ് വ്യവസ്ഥ കൂടുതല്‍ വഷളാകുന്നതിന് കാരണമെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ധനമന്ത്രി നിർമല സീതാരാമനെതിരെ ബി.ജെ.പിക്കുള്ളിലും അതൃപ്തി പുകയുന്നുണ്ട്.