‘വിമർശനങ്ങളെ ഭയക്കുന്നതെന്തിന്? അഞ്ച് വിമർശകരെ താങ്കൾ തന്നെ തെരഞ്ഞെടുക്കൂ… പൗരത്വ വിഷയത്തില്‍ പറയാനുള്ളത് ജനം കേൾക്കട്ടെ : പ്രധാനമന്ത്രിയോട് പി ചിദംബരം

 

പൗരത്വ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പറയാനുള്ളത് അറിയാന്‍  ജനങ്ങള്‍ക്ക് അവസരം ഒരുക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. വിമർശനങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട് സംസാരിക്കാന്‍  ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല. തെരഞ്ഞെടുത്ത അഞ്ച് വിമർശകരോട് സംവദിക്കാന്‍ നരേന്ദ്ര മോദി തയാറാകണമെന്നും പി ചിദംബരം ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നതിലൂടെ ഒരാള്‍ക്ക് പോലും പൗരത്വം നഷ്ടമാകില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ നിരവധി പേര്‍ക്ക് തങ്ങളുടെ പൗരത്വം നഷ്ടമാകുമെന്ന് ആശങ്കയുണ്ട്. ഈ ആശങ്കകള്‍ ദുരീകരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. തനിക്കെതിരെ ചോദ്യങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുള്ളിടത്താണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. നിശബ്ദരായ പ്രേക്ഷകർക്ക് മുന്നിലാണ് നരേന്ദ്ര മോദിയുടെ പ്രഭാഷണം. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് അദ്ദേഹവുമായി സംവദിക്കാന്‍ അവസരം ലഭിക്കുന്നില്ല.

പൗരത്വ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ ജനത്തിന് ആഗ്രഹമുണ്ട്. വിമർശകരില്‍ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുത്ത് അവരുമായി സംവദിക്കാന്‍ നരേന്ദ്ര മോദി തയാറാകണമെന്ന നിർദേശവും പി ചിദംബരം മുന്നോട്ടുവെച്ചു. ടെലിവിഷനിലൂടെയുള്ള ഈ സംവാദം കണ്ട് ജനം തീരുമാനിക്കട്ടെയെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

 

P. Chidambaram
Comments (0)
Add Comment