‘കൊടുക്കുന്നതാര്, വാങ്ങുന്നതാര്? ആദ്യം നിങ്ങള്‍ തമ്മില്‍ ഒരു ധാരണയിലെത്തുമോ ?’ സാമ്പത്തിക പാക്കേജില്‍ കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി പി ചിദംബരം

Jaihind News Bureau
Friday, May 15, 2020

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് സാമ്പത്തിക പാക്കേജിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനവുമായി മുന്‍ ധനമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് നൽകിയ ഇളവുമായി ബന്ധപ്പെട്ട് വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി നിതിന്‍ ഗഡ്കരിയും ധനമന്ത്രി നിർമല സീതാരാമനും നടത്തിയ പ്രസ്താവനകളിലെ വൈരുദ്ധ്യം ഉയർത്തിക്കാട്ടിയാണ് പി ചിദംബരം രംഗത്തെത്തിയത്. വിഷയത്തില്‍ മന്ത്രിമാര്‍ തമ്മില്‍ ഒരു ധാരണയിലെത്തുമോ എന്ന് അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിച്ചു.

സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ഏകദേശം അഞ്ച് ലക്ഷം കോടിയുടെ കുടിശിക ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് നിലവില്‍ നൽകാൻ ഉണ്ടെന്നായിരുന്നു നിതിൻ ​ഗഡ്കരിയുടെ പ്രസ്താവന. അതേസമയം സാമ്പത്തിക പാക്കേജില്‍ മൂന്ന് ലക്ഷം കോടി രൂപ ഈടില്ലാതെ തന്നെ ചെറുകിട ഇടത്തരം മേഖലയ്ക്ക് നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനും പ്രഖ്യാപിച്ചു. ഈ രണ്ട് പ്രസ്താവനകളിലെയും വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ആരാണ് കടം കൊടുക്കുന്നത് ആരാണ് കടം വാങ്ങുന്നത്  എന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു. സർക്കാര്‍ സഹായം കൂടാതെ തന്നെ ചെറുകിട ഇടത്തരം വ്യവസായ മേഖല രക്ഷപ്പെടുമോ എന്ന് ചോദിച്ച അദ്ദേഹം വിഷയത്തിൽ രണ്ട് മന്ത്രിമാരും ഒരു ധാരണയിൽ എത്തുമോ എന്നും പരിഹസിച്ചു.

ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കായി അടിയന്തര പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയുമെന്ന് കോണ്‍ഗ്രസ് കേന്ദ്ര സർക്കാരിന് നിരന്തരമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏറെ വൈകിയാണിപ്പോള്‍ ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കായി കേന്ദ്രസര്‍ക്കാർ പാക്കേജ് പ്രഖ്യാപിച്ചത്. നാലുവർഷമാണ് വായ്പയുടെ കാലാവധി.