പി. ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

Jaihind Webdesk
Thursday, August 22, 2019

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. 4 ദിവസത്തേക്കാണ് ഡല്‍ഹി പ്രത്യേക സിബിഐ കോടതി ജഡ്ജ് അജയ് കുമാര്‍ കുഹാര്‍ ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടത്. 5 ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടത്. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.  എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്ന് ചിദംബരം കോടതിയില്‍ നേരിട്ട് ഉത്തരം നല്‍കി.

ഈ കേസിലെ മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണെന്ന്, ചിദംബരത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കാര്‍ത്തി ചിദംബരവും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഭാസ്‌കര്‍ രാമനും ഐഎന്‍എസ് പ്രമോട്ടര്‍മാരായിരുന്ന ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും ജാമ്യത്തിലാണ്. കരടു കുറ്റപത്രം തയാറായെങ്കില്‍ അന്വേഷണം പൂര്‍ത്തിയായെന്നാണ് അര്‍ഥം. പിന്നെ എന്തിനാണ് ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് സിബല്‍ ചോദിച്ചു.

ഐഎന്‍എക്സ് മീഡിയക്ക് വിദേശ ഫണ്ടു സ്വീകരിക്കാന്‍ അനുമതി നല്‍കിയത് ആറു സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അടങ്ങിയ ബോര്‍ഡാണ്. അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സെക്രട്ടറിമാര്‍ ശുപാര്‍ശ ചെയ്തത് അനുസരിച്ച ധനമന്ത്രി അനുമതി നല്‍കുകയാണ് ചെയ്ത.് അതിന്റെ പേരിലാണ് പത്തു വര്‍ഷത്തിനു ശേഷം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിദംബരം ഒരു തവണ പോലും ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അന്വേഷണ ഏജന്‍സിക്ക് ഇനിയും അദ്ദേഹത്തെ ചോദ്യം ചെയ്യാം- സിബല്‍ പറഞ്ഞു.
ചിദംബരത്തെ ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്യണമെന്നാണ് സിബിഐ പറഞ്ഞത്. ഇന്നുച്ചയ്ക്ക് പന്ത്രണ്ടു മണിവരെ അവര്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയില്ല. പിന്നീടു ചോദിച്ചത് പന്ത്രണ്ടു ചോദ്യങ്ങളാണ്. അതില്‍ ഒന്നില്‍നിന്നു പോലും ചിദംബരം ഒഴിഞ്ഞുമാറിയിട്ടില്ല. തെളിവുകളല്ല, മറ്റെന്തൊക്കെയോ ആണ് ഈ കേസിനു പിന്നിലുള്ളതെനന്ന് സിബല്‍ പറഞ്ഞു.

ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി മാത്രമാണ് ഈ കേസിന് അടിസ്ഥാനമെന്ന് സീനിയര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദിച്ചു. ആ മൊഴി നല്‍കി നാലു മാസത്തിനു ശേഷമാണ് ചിദംബരത്തെ ചോദ്യം ചെയ്തത്. പിന്നീട് 12 മാസത്തോളം ഒരു ചോദ്യം ചെയ്യലും ഉണ്ടായില്ല. അവര്‍ ആഗ്രഹിച്ച പോലെ മൊഴി നല്‍കിയില്ല എന്നതിനെയാണ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ ആരോപിക്കുന്നതെന്ന് സിങ്വി പറഞ്ഞു.
കോടതിയില്‍ ചിദംബരം സംസാരിക്കാന്‍ ഒരുങ്ങിയപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു. പ്രതികളെ സംസാരിക്കാന്‍ അനുവദിക്കാറില്ലെന്ന് തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ സ്വയം പ്രതിരോധിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നു സുപ്രിം കോടതി വിധിയുണ്ടെന്ന് സിങ്വി ചൂണ്ടിക്കാട്ടി. വിദേശത്ത് അക്കൗണ്ടുണ്ടോ എന്ന കാര്യം മാത്രമാണ് സിബിഐ തന്നോടു ചോദിച്ചതെന്ന്, കോടതിയുടെ അനുവദത്തോടെ സംസാരിച്ച പി ചിദംബരം പറഞ്ഞു.

ചിദംബരത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി, മകന്‍ കാര്‍ത്തി എന്നിവര്‍ കോടതി മുറിയില്‍ എത്തിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായ കപില്‍ സിബല്‍, മനു അഭിഷേക് സിങ്വി എന്നിവരെക്കൂടാതെ സീനിയര്‍ അഭിഭാഷകന്‍ വിവേക് തന്‍ഖയും പ്രത്യേക സിബിഐ കോടതിയിലെത്തി.