കൊട്ടാരക്കര: മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പാര്‍ട്ടിയുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ എംഎല്‍എ ആയിരിക്കെ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.
ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. എന്നാല്‍ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയെ വിമര്‍ശിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റി. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ തൃക്കണ്ണമംഗല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.