പത്തനംതിട്ട : ആന്‍റോ ആന്‍റണി എംപിയുടെ കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ ഗവൺമെന്‍റ് ആശുപത്രികൾക്കും, കമ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾക്കും, പ്രൈമറി ഹെൽത്ത് സെന്‍ററുകൾക്കും ഓക്സിജൻ കോൺസന്‍ട്രേറ്ററുകൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആന്‍റോ ആന്‍റണി എംപി നിർവഹിച്ചു. ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ ഓക്സിജൻ കോൺസന്‍ട്രേറ്റർ ഏറ്റുവാങ്ങി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെഎൽ ഷീബ, ഡോക്ടേഴ്സ് ഫോർ യു ഡയറക്ടർ ജേക്കബ് ഉമ്മൻ അരികുപുറം എന്നിവർ പങ്കെടുത്തു. ആദ്യപടിയായി 47 ലക്ഷം രൂപ വിലവരുന്ന 70 കോൺസന്‍ട്രേറ്ററുകളാണ് പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിലെ വിവിധ ആശുപത്രികളിൽ വിതരണം ചെയ്യുന്നത്. കൊവിഡ് കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഓക്സിജൻ ദൗർലഭ്യമാണ് എന്നതുകൊണ്ടാണ് ഓക്സിജൻ കോൺസൺട്രേറ്ററുകൾ നൽകാൻ തീരുമാനമെടുത്തത് എന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു.