പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; മരണം 77 ആയി; മഴയുടെ ശക്തി കുറയുന്നു

Jaihind News Bureau
Monday, August 12, 2019

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 77 ആയി. ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ടെന്നാണ് കണക്കുകൾ. അതേസമയം മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും റെഡ് അലേർട്ടില്ല. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫിഷറീസ് വകുപ്പ് തയ്യാറാക്കി നിർത്തിയിരിക്കുന്നത് 447 ബോട്ടുകളാണ്. 245 ബോട്ടുകൾ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ഇതുവരെ 6792 പേരെ ഈ ബോട്ടുകൾ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. 1363 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് തയ്യാറായിരിക്കുന്നത്. 1025 പേർ രക്ഷാപ്രവർത്തനരംഗത്തുണ്ട്.

കണ്ണൂരിൽ ശക്തമായ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആകാശം മേഘാവൃതമായിരിക്കും ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്ന മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദേശം ഉണ്ട്.

ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നിലവിൽ 60 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ചങ്ങനാശേരി ആലപ്പുഴ എംസി റോഡിൽ ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചു.

കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനം. ഇന്നലെ മുതൽ ജില്ലയിൽ മഴ ഇല്ല. പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം മേഖലകൾ പൂർവ സ്ഥിതിലേക്കെത്തുന്നു. കോട്ടയം പടിഞ്ഞാറൻ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 151 ക്യാംപുകളിലായി ഇരുപത്തിനായിരത്തി അഞ്ഞുറോളം ആളുകളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.

ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാർ തീരങ്ങളിൽ ആശ്വാസം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണസാധനങ്ങൾ ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും തകർന്നു റോഡുകളിൽ നേരിയ തോതിൽ ഗതാഗതം പുനസ്ഥാപിച്ചു

മലപ്പുറം കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 13 ആയി. അമ്പതിലധികം ആളുകളെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്. ഇന്നലെ രാഹുൽ ഗാന്ധി പ്രദേശം സന്ദർശിച്ചു