മോദിയുടെ ഭരണത്തില്‍ സമ്പദ്‌വ്യവസ്ഥ മോശം അവസ്ഥയിലെന്ന് സര്‍വേഫലം ; പണപ്പെരുപ്പം ജനജീവിതത്തെ ബാധിച്ചു

Jaihind News Bureau
Monday, February 1, 2021

 

ന്യൂഡല്‍ഹി: മോദിയുടെ ഭരണത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശം അവസ്ഥയില്‍ എത്തിയെന്ന് സര്‍വേഫലം. ഐഎഎന്‍എസ്-സി വോട്ടര്‍ ബജറ്റ് ട്രാക്കര്‍ സര്‍വേയില്‍ 2010നുശേഷം ഏറ്റവും മോശം റേറ്റിങ്ങാണ് സര്‍ക്കാരിന് ലഭിച്ചത്. മോദി ഭരണത്തില്‍ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മോശമായെന്ന് സര്‍വേയില്‍ പങ്കെടുത്ത 46.4 ശതമാനം അഭിപ്രായപ്പെട്ടു.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും പി ചിദംബരം ധനമന്ത്രിയുമായിരുന്ന 2013നെ ഒഴിച്ചുനിര്‍ത്തിയാല്‍ 2010നുശേഷമുള്ള ഏറ്റവും മോശം റേറ്റിങ്ങാണ് മോദി സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. 2013ല്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന് 60 ശതമാനം പേരാണ് അഭിപ്രായപ്പെട്ടിരുന്നത്. ‘കേന്ദ്ര ബജറ്റില്‍ നിന്നുള്ള പ്രതീക്ഷകള്‍’ എന്ന പേരിലായിരുന്നു ഐഎഎന്‍എസ്-സി വോട്ടര്‍ സര്‍വേ നടത്തിയത്.

മോദി പ്രധാനമന്ത്രിയായശേഷം പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് 72.1 ശതമാനംപേര്‍ അഭിപ്രായപ്പെടുന്നത്. വിലക്കയറ്റം ഉണ്ടായെന്നും അഭിപ്രായമുയര്‍ന്നു.2015നുശേഷം മോദി സര്‍ക്കാരിന് ലഭിക്കുന്ന ഏറ്റവും മോശം റേറ്റിങ്ങാണിത്. 2015ല്‍ 17.1 ശതമാനം ആളുകളാണ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചിരുന്നത്. 2020ല്‍ 10.8 ശതമാനം പേര്‍ വില കുറഞ്ഞതായി അഭിപ്രായപ്പെട്ടപ്പോള്‍ 12.8 ശതമാനം പേര്‍ ഒന്നും മാറിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.

2020ല്‍ പണപ്പെരുപ്പം മിക്ക ഇന്ത്യക്കാരുടെയും ജീവിതത്തെ ബാധിച്ചു. 70 ശതമാനത്തിലധികം ആളുകളെയാണ് വിലക്കയറ്റം ബാധിച്ചത്. ഒരു വര്‍ഷത്തിനിടെ അത് ജീവിത നിലവാരത്തെ വളരെയധികം ബാധിച്ചതായി 38.2 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ചെറിയ തോതില്‍ ബാധിച്ചതായി 34.9 ശതമാനം അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരു തരത്തിലും ബാധിച്ചില്ലെന്നാണ് 26.7 ശതമാനം അഭിപ്രായപ്പെട്ടത്.

കോവിഡ് മഹാമാരി സമ്പദ്വ്യവസ്ഥയെയും ജനങ്ങളുടെ ഉപജീവനത്തെയും തകര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സാധാരണക്കാരന്റെ ജീവിതനിലവാരം വഷളായതായി 50 ശതമാനം കരുതുന്നു. 48.4 ശതമാനം ആളുകള്‍ സാധാരണക്കാരുടെ ജീവിതനിലവാരം മോശമായതായും 21.3 ശതമാനം പേര്‍ അത് അതേപടി തുടരുന്നുവെന്നും അഭിപ്രായപ്പെട്ടു.