സെക്രട്ടറിയേറ്റിൽ മാത്രം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തിലധികം ഫയലുകൾ

Jaihind News Bureau
Thursday, January 2, 2020

സെക്രട്ടറിയേറ്റിൽ മാത്രം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തിലധികം ഫയലുകൾ. 44 വകുപ്പുകളിലായാണ് 1,11,976 ഫയലുകൾ കെട്ടിക്കിടക്കുന്നത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴാണ് ഈ ഗുരുതര അനാസ്ഥ. ലൈഫ് പദ്ധതികൾ ഉൾപ്പടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട നൂറ് കണക്കിന് വിഷയങ്ങളാണ് ഫയലിൽ കുരുങ്ങിക്കിടക്കുന്നത്.

കഴിഞ്ഞ നവംബർ 11 ന് നിയമസഭയിൽ സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഫയൽ തീർപ്പാക്കൽ യജ്ഞത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. 1,11,976 ഫയലുകളാണ് സെക്രട്ടറിയേറ്റിലെ 44 വകുപ്പുകളിലായി തീർപ്പാകാതെ കിടക്കുന്നത്.

തദ്ദേശ സ്വയം ഭരണ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാകാതെ കിടക്കുന്നത്. 17,482 എണ്ണമാണ് വകുപ്പിൽ തീർപ്പാകാതെ കിടക്കുന്നത്. തദ്ദേശ വകുപ്പിന് തൊട്ടു പിന്നിലായി റവന്യൂ വകുപ്പിൽ 11,428 ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്നുണ്ട്. 10,199 ഫയലുകളുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നാം സ്ഥാനത്തുണ്ട്.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള വകുപ്പുകളിലും ഫയൽ നീക്കം മന്ദഗതിയിലാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഭരണത്തിന്‍റെ തുടക്കത്തിൽ പിണറായി പറഞ്ഞിരുന്നുവെങ്കിലും ഇക്കാര്യത്തിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല – ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ കേവലം 20.48 ശതമാനം ഫയലുകളിലാണ് തീരുമാനമെടുത്തത്. വെറും 4,504 ഫയലുകളിലാണ് 10 മാസം കൊണ്ട് തീരുമാനമെടുത്തത്. വീടില്ലാത്തവർക്ക് വീട് ലഭിക്കുന്ന ലൈഫ് പദ്ധതികൾ ഉൾപ്പടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട നൂറ് കണക്കിന് വിഷയങ്ങളാണ് ഫയലിൽ കുരുങ്ങിക്കിടക്കുന്നത്.

https://youtu.be/buS3guvAh4Y