‘ഈ റെട്രോഗ്രേഡ് അംനീഷ്യ പകർച്ചവ്യാധിയാണോ?’; അവധി പ്രഖ്യാപിച്ച് എയറിലായി എറണാകുളം കളക്ടർ

Jaihind Webdesk
Thursday, August 4, 2022

കൊച്ചി: കുട്ടികള്‍ സ്കൂളിലെത്തിയതിന് ശേഷം എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടർ രേണുരാജിന്‍റെ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി രക്ഷിതാക്കൾ. ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് രാവിലെ 8.25 നാണ്. സ്കൂള്‍ സമയം 8.30 ആണെന്നിരിക്കെയായിരുന്നു കളക്ടറുടെ നടപടി. അതുകൊണ്ടു തന്നെ ഫലത്തിൽ അവധി പ്രഖ്യാപിച്ചതിന്‍റെ യാതൊരു ഗുണവും വിദ്യാർത്ഥികൾക്ക് ലഭിച്ചില്ലെന്നതാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചത്. മഴ നനഞ്ഞ് വിദ്യാർത്ഥികള്‍ പതിവുപോലെ സ്കൂളിലെത്തി എന്നു മാത്രമല്ല, സ്കൂളുകളില്‍ ഭക്ഷണത്തിന്‍റെ ക്രമീകരണങ്ങളും തുടങ്ങിക്കഴിഞ്ഞാണ് അവധി പ്രഖ്യാപനം എന്നത് സ്കൂള്‍ അധികൃതരെയും ബുദ്ധിമുട്ടിലാക്കി.

എന്തായാലും അവധി പ്രഖ്യാപനത്തോടെ ആലപ്പുഴ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജ് പരിഹാസരൂപേണയുള്ള പ്രതിഷേധ കമന്‍റുകള്‍ കൊണ്ട് നിറയുകയാണ്. ‘കളക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ’  ‘ഇൻഎഫിഷ്യന്‍റ് കളക്ടർ’, ‘വെങ്കിട്ടരാമന്‍റെ ബ്രാൻഡാണെന്നു തോന്നുന്നു’, ‘വെങ്കിട്ടനെ കെട്ടിയപ്പോൾ മനസിലായി ബോധം ഇല്ലെന്ന് ഇപ്പോൾ ഒന്നുകൂടി തെളിയിച്ചു’ തുടങ്ങിയ കമന്‍റുകള്‍ അവധി പോസ്റ്റിന് താഴെ നിറയുകയാണ്. ഈ റെട്രോഗ്രേഡ് അംനീഷ്യ ഒരു പകർച്ചവ്യാധിയാണോ?’ എന്നായിരുന്നു ഒരു കമന്‍റ്. മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ തനിക്ക് റെട്രോഗ്രേഡ് അംനീഷ്യയാണെന്ന് ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തി ഉള്‍പ്പെടെ കമന്‍റുകള്‍ നിറഞ്ഞു.