ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുർസി കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഈജിപ്ത് മുന്‍ പ്രസിഡന്‍റും ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു. 67 വയസായിരുന്നു. ചാരവൃത്തി കേസിന്‍റെ വിചാരണക്കിടെയാണ് കോടതിയില്‍ കുഴഞ്ഞുവീണതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടാള ഭരണകൂടത്തിന്‍റെ തടവിലുള്ള മുര്‍സിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാള ഭരണത്തിന് കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു മുര്‍സി. അറബ് വിപ്ലവത്തിന് ശേഷം ഈജിപ്തില്‍ അധികാരത്തിലേറിയ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റായിരുന്നു മുര്‍സി.

2013ലെ പട്ടാള അട്ടിമറിയെ തുടര്‍ന്നാണ് മുര്‍സി തടവിലാക്കപ്പെടുന്നത്. 2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ 2013 ജൂലൈ 4 ന് മുർസിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയും തുടര്‍ന്ന് തടവിലാക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി വിചാരണക്കിടെയാണ് മുര്‍സി കുഴഞ്ഞുവീണ് മരിച്ചത്. ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ സൈന്യം ഇടപെട്ട് പുറത്താകിയതിനെതിരെ ഈജിപ്തിൽ സമരം തുടരുകയാണ്.

Muhammad-Mursi
Comments (0)
Add Comment