സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ; കേരള ബിജെപിയില്‍ അമർഷം പുകയുന്നു, വിഭാഗീയത രൂക്ഷം

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിൽ അമർഷം പുകയുന്നു. സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല നൽകുന്നതില്‍ പികെ കൃഷ്ണദാസിനെ അവഗണിച്ചതോടെയാണ് പാർട്ടിയിൽ പ്രതിസന്ധിയും വിഭാഗീയതയും രൂക്ഷമായത്. കേന്ദ്രമന്ത്രിയായ വി മുരളീധരന് തെലങ്കാനയുടെ അധിക ചുമതലയും പാർട്ടിയിൽ പുതുതായി കടന്നുവന്ന എ.പി അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്‍റെയും ചുമതല നൽകിയതോടെ ശക്തമായ ചേരിതിരിവാണ് പാർട്ടിയിൽ രൂപപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് പാർട്ടിക്കുള്ളില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കേന്ദ്രനേതൃത്വം  ചുമതലകള്‍ നിശ്ചയിച്ചത്. മുൻ സംസ്ഥാന പ്രസിഡന്‍റും മുരളീധര വിരുദ്ധപക്ഷക്കാരനുമായ പി കെ കൃഷ്‌ണദാസിനെ തെലങ്കാനയുടെ ചുമതലയിൽനിന്ന്‌ ഒഴിവാക്കിയത്‌  ബിജെപിയിലെ ഗ്രൂപ്പുപോര്‌ രൂക്ഷമാക്കിയിരിക്കുകയാണ്. നേരത്തേ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തുനിന്നും കൃഷ്‌ണദാസിനെ ഒഴിവാക്കിയിരുന്നു. തെലങ്കാനയുടെ അധിക ചുമതലയാണ് കേന്ദ്രമന്ത്രി വി.മുരളീധരന് നല്‍കിയിരിക്കുന്നത്. പാർട്ടിയിൽ പുതുതായി വന്ന എ പി. അബ്ദുള്ളക്കുട്ടിയ്ക്ക് ലക്ഷദ്വീപിന്‍റെ ചുമതല നല്‍കിയതോടെ പി കെ കൃഷ്ണദാസ് പക്ഷത്തിൽ കടുത്ത അമർഷമുയരുകയാണ്. ഇതിന് പിന്നിൽ മുരളീധരൻ പക്ഷമാണെന്നാണ് അവർ ആരോപിക്കുന്നത്. ഇതോടെ ബിജെപി സംസ്ഥാന ഘടകത്തിലെ കടുത്ത ഭിന്നത മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്.

സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ നിലപാടിൽ എതിർപ്പുള്ള ശോഭ സുരേന്ദ്രൻ അടക്കമുള്ള നിരവധി നേതാക്കൾ ഭാരവാഹിയോഗം ബഹിഷ്‌കരിച്ചിരുന്നു. അതിനിടെ മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, എ.എൻ. രാധാകൃഷ്‌ണൻ എന്നിവർ കോർകമ്മിറ്റി യോഗത്തിൽ പ​ങ്കെടുക്കാത്തതും പുതിയ വിവാദത്തിന്​ വഴിവെച്ചിട്ടുണ്ട്​. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെ ബിജെപിയിലെ ആഭ്യന്തര കലഹം പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Comments (0)
Add Comment