അവയവ തട്ടിപ്പ് കേസ്; ഇരയായവരിൽ ഒരാള്‍ പാലക്കാട് സ്വദേശി, 19 പേർ ഉത്തരേന്ത്യക്കാര്‍,വിപുലമായ അന്വേഷണം.

 

കൊച്ചി: എറണാകുളത്ത് പിടിയിലായ അവയവ കടത്ത് പ്രതിക്ക് രാജ്യാന്തര അവയവ മാഫിയ സംഘവുമായി ബന്ധമെന്ന് എൻഐഎ . രാജ്യത്ത് നിന്ന് 20 പേരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്തെന്ന് പ്രതി മൊഴി നൽകി. മനുഷ്യക്കടത്തിന് ഇരയായവരിൽ ഒരാൾ പാലക്കാട് സ്വദേശിയാണെന്ന വിവരം ലഭിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കൂടുതൽ പേർ മനുഷ്യക്കടത്തിന് ഇരകളായിട്ടുണ്ടെന്ന സംശയത്തിലാണ് പോലീസ്. പ്രതി സാബിത്തിൽ നിന്ന് പോലീസിന് ഇതുവരെ ലഭിച്ചത് 20 പേരെക്കുറിച്ചുള്ള വിവരങ്ങളാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം കൊച്ചി സ്വദേശിയായ ഒരാളെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്ത് വിരലടയാളവും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രശ്നങ്ങൾ കാരണം ദാതാവ് ആകാൻ സ്വയം ഇറങ്ങി പുറപ്പെട്ട് ഒടുവിൽ ഈ മാഫിയ സംഘത്തിലെ കണ്ണിയായെന്നാണ് സാബിത്ത് നാസർ പോലീസിനോട് പറഞ്ഞത്. 2019ൽ വൃക്ക നൽകി പണം കൈപ്പറ്റാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കൂടുതൽ ദാതാക്കളെ ബന്ധപ്പെടുത്തി നൽകിയാൽ പണം വഴിയെ പോരുമെന്ന് മനസ്സിലാക്കി ഏജന്‍റായി. 2019ൽ തൃശൂർ വലപ്പാട് ഇടമുട്ടത്ത് പത്ത് ദിവസം മാത്രമാണ് സാബിത്ത് നാസർ താമസിച്ചത്. എന്നാൽ അവിടം നാട്ടിലെ മേൽവിലാസമാക്കി. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തിൽ വന്നും പോയുമിരുന്നു. കൂടുതൽ സമയവും ഇറാനിൽ താമസമാക്കി. അവിടെ ഫരീദിഖാൻ ആശുപത്രിയിൽ വൃക്ക മാറ്റി വയ്ക്കൽ നടപടികൾക്കായി 20 ദാതാക്കളെ വരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്തുവെന്നാണ് പ്രതിയുടെ മൊഴി. അവയവം മാറ്റിവയ്ക്കൽ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനക്കാരെയെന്നും അതില്‍ മലയാളികള്‍ ഇല്ലായെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കി. എന്നാൽ വിശദമായ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്.

ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം വാഗ്ദാനം നൽകി ചൂഷണം ചെയ്ത് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് ഇയാൾ അവയവകടത്ത് നടത്തിയത്. തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ മേൽവിലാസം വഴി ഇയാൾ എങ്ങനെ പാസ് പോർട്ട് നേടി എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ പ്രാഥമിക വിവരശേഖരണം കേന്ദ്ര ഏജൻസികൾ പൂർത്തിയാക്കിയിട്ടുണ്ട്.

Comments (0)
Add Comment