നിയമവിരുദ്ധ പ്രവർത്തനത്തിന് ചീഫ് സെക്രട്ടറിയുടെ ഒത്താശ ; സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി അനധികൃത സർവ്വീസ് നടത്തുന്ന വാഹനങ്ങൾ തടയരുതെന്ന് നിർദേശം

Jaihind News Bureau
Friday, October 16, 2020

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വേണ്ടി അനധികൃതമായി ഓടിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടിയതിനെതിരെ ചീഫ് സെക്രട്ടറി രംഗത്ത്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ എത്തുന്ന അനധികൃത സർവ്വീസ് നടത്തുന്ന സമാന്തര വാഹനങ്ങൾ തടയരുതെന്നാണ് കാട്ടിയാണ് നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കുന്ന തരത്തിൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുള്ളത്.

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വേണ്ടി അനധികൃതമായി സമാന്തര സർവ്വീസ് നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാലിന് നൽകിയ കത്തിലാണ് വിചിത്രമായ ഇത്തരമൊരു ഉത്തരവ് അടിങ്ങിയിട്ടുള്ളത്. ജീവനക്കാർ വരുന്ന അനധികൃത സർവ്വീസ് നടത്തുന്ന വാഹനങ്ങൾ തടയരുതെന്നും തിരിച്ചറിയൽ കാർഡ് പരിശോധിച്ച് കടത്തിവിടണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനങ്ങൾ കുറവായതിനാലാണ് സെക്രട്ടേറിയറ്റിലേക്ക് ജീവനക്കാരുമായി വരുന്ന വാഹനങ്ങൾ തടയരുതെന്ന നിർദ്ദേശം നൽകുന്നതെന്നും ഉത്തരവില്‍ പറയുന്നു. സെക്രട്ടേറിയറ്റിലേക്കും മറ്റ് സർക്കാർ ഓഫീസുകളിലേക്കുമായി ജീവനക്കാർക്ക് വേണ്ടി അനധികൃത സർവ്വീസ് നടത്തിയ വാഹനങ്ങൾ കെ.എസ്.ആർ.ടി.സിയുടെയും മോട്ടോർ വാഹന വകുപ്പിന്‍റെയും സംയുക്ത റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് അനധികൃത സർവ്വീസിനെ പിന്തുണച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിന്‍റെ മറപറ്റി അനധികൃത സർവ്വീസുകൾ തലസ്ഥാനത്ത് പെരുകുന്നത് പൊതുഗതാഗത സംവിധാനങ്ങളെ തകർച്ചയിലേക്കാകും നയിക്കുക.