ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

Jaihind News Bureau
Wednesday, September 23, 2020

 

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. പ്രാഥമിക അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിട്ടുള്ളത്. റെഡ് ക്രസന്‍റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്തണമെന്ന് അഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

2019 ജൂലൈയിലാണ് വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമാണത്തിന് സഹായം നൽകുന്നതിനായി സർക്കാരിന് വേണ്ടി ലൈഫ് മിഷൻ സിഇഒയും റെഡ്ക്രസന്‍റും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നത്. എന്നാൽ ഇതിന് പുറമെയുള്ള ഉപകരാറിൽ
റെഡ് ക്രസന്‍റിന് പകരം കേരളത്തിലെ യുഎഇ കോൺസൽ ജനറൽ ഒപ്പിട്ടുവെന്ന വിവരവും പുറത്തു വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് വേണ്ടി കോടികൾ കോഴ നൽകിയെന്ന വാർത്തകളും പുറത്തു വന്നത്. യു.ഡി.എഫ് ഇതു സംബന്ധിച്ച ആദ്യ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് വെളിപ്പെടുത്തിയ നാലേകാൽ കോടിയുടെ കോഴ മന്ത്രി തോമസ് ഐസക് സ്ഥിരീകരിക്കുകയും ചെയ്തു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും റെഡ്ക്രസന്‍റ് നിർമ്മാണ പ്രവർത്തി ഏൽപ്പിച്ച യുണീടാക്കിൽ നിന്നും കോഴ കൈപ്പറ്റിയെന്ന വിവരം പ്രതിപക്ഷം പുറത്തുവിട്ടത്. ഇതിനു പിന്നാലെ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍റെ മകനെതിരെയും മറ്റൊരു മന്ത്രിയായ എ.സി മൊയ്തീനെതിരെയും അരോപണമുയർന്നു. വിഷയത്തിൽ പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ പ്രതിരോധത്തിലായ സർക്കാർ പദ്ധതി സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമാവും വിഷയത്തിൽ തുടർ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുക.